ഹൈദരാബാദ്: നീണ്ട 57 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തെലങ്കാനയില്‍ 74 വയസുകാരി അമ്മയായി. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) ചികിത്സയിലൂടെയാണ് ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിനി എരമാട്ടി മങ്കയമ്മ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടിയ പ്രായത്തില്‍ അമ്മയായ സ്ത്രീയെന്ന വിശേഷണം മങ്കയമ്മയ്ക്ക് സ്വന്തമായി. നേരത്തെ പഞ്ചാബ് സ്വദേശിനിയായ ദല്‍ജിന്ദര്‍ കൗറിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ് 2016-ല്‍ 70-ാം വയസിലാണ് കൗര്‍ അമ്മയായത്.
കോതപ്പേട്ടിലെ അഹല്യ ആശുപത്രിയില്‍ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ മങ്കയമ്മയ്ക്ക് ഗര്‍ഭം ധരിക്കുന്നതിലും പ്രശ്നങ്ങളില്ലായിരുന്നെന്ന് ഡോ. ശങ്കരയ്യല ഉമാശങ്കര്‍ അറിയിച്ചു. കുട്ടികള്‍ക്ക് പാല് കൊടുക്കാന്‍ മങ്കയമ്മയ്ക്ക് കഴിയില്ല. ഇത് ഒഴിച്ചുനിര്‍ത്തിയാല്‍ പ്രസവശേഷം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
രാജറാവുവാണ് മങ്കയമ്മയുടെ ഭര്‍ത്താവ്. 1962ലാണ് ഇരുവരും വിവാഹിതരായത്. 57 വര്‍ഷമായി കുട്ടികളില്ലാതെ വിഷമിച്ച മങ്കയമ്മയും ഭര്‍ത്താവും നൂറുകണക്കിന് ഡോക്ടര്‍മാരുടെ അടുത്ത് നിരവധി വര്‍ഷങ്ങളോളം ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. 25 വര്‍ഷം മുമ്പ് ആര്‍ത്തവ വിരാമം സംഭവിച്ചുവെങ്കിലും മങ്കയമ്മയുടെ ഇച്ഛാശക്തിയുടെ ഫലമായാണ് ഗര്‍ഭധാരണം ഫലപ്രദമായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.