പി.വി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കും; ജില്ലാ കളക്ടര്‍ക്ക് മുമ്പില്‍ നിവേദനവുമായി 70കാരന്‍
ചെന്നൈ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി എഴുപതുകാരന്‍. തമിഴ്നാട് രാമനാഥപുരം ജില്ലക്കാരനായ മലൈസാമിയാണ് ഈ ആവശ്യവുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചിരിക്കുന്നത്. മാത്രമല്ല വിവാഹത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുമെന്നും ഇയാള്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്. ജില്ലാ കളക്ടര്‍ സംഘടിപ്പിച്ച പ്രതിവാര യോഗത്തിനിടെയായിരുന്നു സംഭവം. പൊതുജനങ്ങള്‍ക്ക് അവരുടെ അപേക്ഷകളും പരാതികളും സമര്‍പ്പിക്കാന്‍ വേണ്ടിയാണ് പ്രതിവാര യോഗം നടത്തുന്നത്.
ബാഡ്മിന്റണ്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായ പി.വി സിന്ധുവിന്റെയും തന്റെയും ഫോട്ടോയും സിന്ധുവിനെ വിവാഹം കഴിക്കാനുള്ള താല്‍പര്യം വ്യക്തമാക്കുന്ന കത്തും കൊണ്ടായിരുന്നു മലൈസാമി കളക്ട്രേറ്റില്‍ എത്തിയത്. നിവേദനം വായിച്ചുനോക്കിയ കളക്ടറും ഞെട്ടി.താന്‍ യഥാര്‍ത്ഥത്തില്‍ 16 വയസുള്ള ഒരു ആണ്‍കുട്ടിയാണെന്നും 2004 ഏപ്രില്‍ 4 നാണ് തന്റെ ജനനമെന്നും മലൈസാമി അവകാശപ്പെട്ടു. സിന്ധുവിന്റെ കരിയര്‍ വളര്‍ച്ചയില്‍ തനിക്ക് വളരെയധികം മതിപ്പുണ്ടെന്നും ഇപ്പോള്‍ അവളെ തന്റെ ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് അദ്ദേഹം അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.