തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം രൂക്ഷം. ഇന്ന് 63 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ ആകെ രോഗികളുടെ എണ്ണം 164 ആയി. ഡി.ഐ.ജി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി. കൂടാതെ തിരുവനന്തപുരം സ്പെഷ്യല്‍ സബ്ജയിലില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇന്ന് 163 പേരില്‍ ആന്റിജന്‍ പരിശോധനയ നടത്തിയപ്പോഴാണ് 63 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധനയില്‍ 35 ശതമാനത്തിലധികം പേര്‍ക്കും കൊവിഡ് പോസറ്റീവാണ് ഫലം. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 101 തടവുകാര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ഇനിയും 850 ലധികം തടവുകാര്‍ക്ക് പരിശോധന നടത്താനുണ്ട്. ഇത് കൂടിയാകുമ്പോള്‍ ജയിലിലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായേക്കുമെന്നാണ് സൂചന.
അതേസമയം സെന്‍ട്രല്‍ ജയിലിലെ ശുചീകരണത്തിന് നിയോഗിച്ച രണ്ട് തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ജയില്‍ ആസ്ഥാനം അടച്ചു. ശുചീകരണം പൂര്‍ത്തിയാക്കിയ ശേഷം മൂന്നുദിവസത്തിനകം ജയില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് തുറക്കും. കൊവിഡ് പോസിറ്റീവ് ആയവരെ ജയിലിലെ പ്രത്യേക സ്ഥലത്തേയ്ക്കു മാറ്റി. പോസിറ്റീവ് ആയതില്‍ ഭൂരിഭാഗത്തിനും രോഗലക്ഷണങ്ങളില്ല. 970 തടവുകാരാണ് ജയിലിലുള്ളത്. എങ്ങനെയാണ് ജയിലിലുള്ള തടവുകാര്‍ക്ക് കൊവിഡ് ബാധിച്ചതെന്നത് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല.