ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തി. 324 ഇന്ത്യക്കാരാണ് ഇതിലുണ്ടായിരുന്നത്. ഇതിനിടെ ആറ് ഇന്ത്യക്കാരെ വുഹാനില്‍ ചൈനീസ് അധികൃതര്‍ തടഞ്ഞുവെച്ചു. വിമാനത്തില്‍ കയറുന്നതിന് മുമ്പായി നടത്തിയ പരിശോധനയില്‍ ആറ് പേര്‍ക്ക് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തടഞ്ഞുവെച്ചത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ വിവരങ്ങള്‍ ലഭ്യമല്ല.
ഡല്‍ഹിയിലെത്തിയ 324 പേരില്‍ 42 മലയാളികളും ഉണ്ടായിരുന്നു. രാവിലെ 7.36 ഓടെയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇവരേയും കൊണ്ട് എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം പറന്നിറങ്ങിയത്. 324 പേരില്‍ 211 പേരും വിദ്യാര്‍ഥികളാണ്. മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും. വിമാനത്തില്‍ വച്ച് തന്നെ പ്രാഥമിക വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഇവരം വിമാനത്തിന് പുറത്തെത്തിച്ചത്. തുടര്‍ന്ന് നേരെ ഹരിയാണയിലെ മനേസറിനടുത്ത് കരസേന തയ്യാറാക്കിയ ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് കൊണ്ടുപോയി. 14 ദിവസം ഇവിടെ തുടരും. ചൈനയില്‍ നിന്ന് മടങ്ങാന്‍ താത്പര്യം അറിയിച്ച ബാക്കിയുള്ള ഇന്ത്യക്കാരെ മറ്റൊരു വിമാനത്തില്‍ ഉടന്‍ അയക്കുമെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.