തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ നാല് ഭരണസമിതി അംഗങ്ങള്‍ അറസ്റ്റില്‍. പ്രസിഡന്റ് കെ.കെ ദിവാകരന്‍, സി ജോസ്, ടി.എസ് ബൈജു, ലളിതന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സിപിഎം പ്രാദേശിക നേതാക്കളാണ്. 12 ഭരണസമിതി അംഗങ്ങള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത്.
ഭരണസമിതി അംഗങ്ങള്‍ പദവി ദുരുപയോഗം ചെയ്ത് നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് അഞ്ചുവര്‍ഷത്തിനുള്ളില്‍ 200കോടിരൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇത്ര ചെറിയ കാലത്ത് ഇത്രയേറെ നിക്ഷേപം പിന്‍വലിച്ചതിനു പിന്നില്‍ ഭരണസമിതിക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.
ബാങ്ക് പ്രതിസന്ധിയിലേക്ക് പോകുന്ന കാര്യമറിഞ്ഞ് ഭരണസമിതിയംഗങ്ങള്‍ വേണ്ടപ്പെട്ടവരുടെ പണം പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. 2015-16 സാമ്പത്തികവര്‍ഷം 501 കോടിയുടെ നിക്ഷേപമുണ്ടായിരുന്നു കരുവന്നൂര്‍ ബാങ്കില്‍. 2016-17ല്‍ നിക്ഷേപം 424 കോടിയായി. 77 കോടിയാണ് ആ വര്‍ഷം പിന്‍വലിച്ചത്.
2017-18ല്‍ നിക്ഷേപം 405 കോടിയായും അടുത്ത വര്‍ഷം 340 കോടിയായും കുറഞ്ഞു.104 കോടിയുടെ തട്ടിപ്പുനടന്നെന്ന് സഹകരണവകുപ്പ് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത അവസാനത്തെ സാമ്പത്തികവര്‍ഷം നിക്ഷേപം 301 കോടിയായിരുന്നു. അഞ്ചുവര്‍ഷത്തില്‍ 200 കോടിയാണ് പിന്‍വലിച്ചത്.