മൂന്നാര്‍: മൂന്നാര്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ പെട്ടിമുടി ഡിവിഷനിലെ ലയത്തിന് മുകളില്‍ മണ്ണിടിഞ്ഞു വീണ സ്ഥലത്ത് നിന്ന് നാലു മൃതദേഹങ്ങള്‍ ലഭിച്ചു. അഞ്ചു പേര്‍ മരിച്ചതായാണ് വിവരം. ഏഴുപേരെ മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തി. അഞ്ചുലയങ്ങള്‍ മണ്ണിനടിയില്‍ പെട്ടതായി ഇരവികുളം പഞ്ചായത്ത് അംഗം ഗിരി അറിയിച്ചു. 5 ലൈനുകളിലായി 84 പേര്‍ മണ്ണിനടിയിലായതായി കോളനിനിവാസികള്‍ പറയുന്നു.
സ്ഥലത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നു കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തേക്കു തിരിച്ചു. വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
നാട്ടുകാരുടെയും വനപാലകരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകടം നടന്ന സ്ഥലത്തേക്ക് പോലീസും അഗ്‌നിശമനസേനയും തിരിച്ചിട്ടുണ്ട്. സമീപത്തെ ആശുപത്രികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. നാലു പേരെ മണ്ണിനടിയില്‍ നിന്നു പുറത്തെടുത്തു. 83 പേര്‍ സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് മൂന്ന് ദിവസമായി വൈദ്യുതി ബന്ധമില്ല.
മൂന്നാര്‍-രാജമല റോഡിലെ പെരിയവര പാലവും ഒലിച്ചു പോയിരുന്നു. ഇതും രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.