തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് മത്സരത്തിനിടെ 31 പേര്‍ക്ക് പരിക്ക്; ആറു പേരുടെ നില ഗുരുതരം
മധുര: തമിഴ്നാട് ആവണിയാപുരത്ത് ജെല്ലിക്കെട്ട് മത്സരത്തിനിടെ 31 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ രാജാജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അതേസമയം മത്സരത്തില്‍ ഇത്രയും പേര്‍ക്ക് പരിക്കേറ്റിട്ടും മാട്ടുപ്പൊങ്കല്‍ മഹോത്സവത്തോടനുബന്ധിച്ചുള്ള ജെല്ലിക്കെട്ട് മത്സരം ഇപ്പോഴും തുടരുകയാണ്.
ഇത്തവണ ജെല്ലിക്കെട്ട് മത്സരത്തില്‍ 700 കാളകളാണ് മത്സരിക്കുന്നത്. അതേസമയം തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് മത്സരം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് തള്ളിയിരുന്നു. ഹൈക്കോടതിയെ സമീപിക്കാനാണ് ഹര്‍ജിക്കാരനോട് സുപ്രീം കോടതി നിര്‍ദേശിച്ചത്.
നേരത്തേ 2014ല്‍ സുപ്രീംകോടതി തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്. ഇതേതുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ട് അനുവദിച്ച് കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കുകയും പിന്നീട് നിയമമാക്കുകയും ചെയ്യുകയായിരുന്നു.