BusinessKeralaNews

കേരളത്തിൽ മൊബൈൽ ഫോൺ എത്തിയിട്ട് ഇന്നേക്ക്‌ കാൽനൂറ്റാണ്ട് ,മൊബൈൽ നാൾവഴികളിലൂടെ

കൊച്ചി:മൊബൈൽ ഫോൺ മലയാളമണ്ണിലെത്തിയിട്ട് വെള്ളിയാഴ്ച കാൽനൂറ്റാണ്ട്. 1996 സെപ്റ്റംബർ 17-നായിരുന്നു അത്. പ്രതിവർഷം അരക്കോടി മൊബൈൽ ഫോണുകൾ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനമാണ് ഇപ്പോൾ കേരളം. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ ഇപ്പോഴുള്ളത് 4.5 കോടി മൊബൈൽ കണക്ഷനുകളാണ്.

മൊബൈൽ ഫോൺ നാൾവഴികളിലൂടെ

* ഇന്ത്യയിൽ ആദ്യം തുടങ്ങിയത് 1995 ജൂലായ് 31-ന്. അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി സുഖ്റാം ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിനെ മൊബൈലിൽ വിളിച്ച് തുടക്കം. ഹാൻഡ്സെറ്റ് -നോക്കിയ. സേവനദാതാവ് -മോഡി ടെൽസ്ട്രാസ് മൊബൈൽ നെറ്റ് സർവീസ്. (കമ്പനി ഇപ്പോളില്ല).

* കേരളത്തിൽ തുടക്കം 1996 സെപ്റ്റംബർ 17-ന്. തകഴി ശിവശങ്കരപ്പിള്ള, കൊച്ചിയിലെ ദക്ഷിണ മേഖലാ നാവിക സേനാ മേധാവി എ.ആർ. ടണ്ഠണുമായി സംസാരിച്ചായിരുന്നു ഉദ്ഘാടനം. ഹാൻഡ്സെറ്റ്-നോക്കിയ. സേവനദാതാവ്- എസ്കോട്ടെൽ(ഇപ്പോഴത്തെ ഐഡിയ).

* അന്ന് ഔട്ട്ഗോയിങ് കോളിന് മിനിറ്റിന് 16.80 രൂപ. ഇൻകമിങ് കോളിന് 8.40 രൂപ. 2 ജി സർവീസായിട്ടായിരുന്നു തുടക്കം. പ്രധാനനഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്ന സർവീസ്. എസ്കോട്ടെൽ, ബി.പി.എൽ.-യു.എസ്.വെസ്റ്റ് എന്നീ കമ്പനികൾ മാത്രം.

ഹാൻഡ്സെറ്റുകളിൽ നോക്കിയയ്ക്കായിരുന്നു ആധിപത്യം. 1610 എന്ന മോഡൽ പേരുള്ള വാക്കിടോക്കി പോലുള്ള ഹാൻഡ്സെറ്റിൽ തുടക്കം. കാൽകിലോഗ്രാം ഭാരം. എസ്.എം.എസ്. അയയ്ക്കാൻ കഴിയില്ല. 20,000 മുതൽ മേലോട്ടായിരുന്നു വില. പിന്നീടുവന്ന 3310 എന്ന മോഡൽ ഏറെ പ്രചാരമുണ്ടാക്കി. മൊബൈലിൽ ടോർച്ച് സൗകര്യമുള്ള 1100 മോഡലാണ് പിന്നീട് വന്നത്. ഇറങ്ങിയപ്പോൾ 9000 രൂപയായിരുന്നു ഇതിന്റെ വില. മോട്ടറോളയായിരുന്നു നോക്കിയയുടെ പ്രധാന എതിരാളി.

* 2000-ൽ എയർടെൽ കേരളത്തിലെത്തി. എല്ലാവർക്കും ഒരേ താരിഫ്. സാധാരണക്കാരൻ ‘മൊബൈലാവാൻ’ അപ്പോഴും മടിച്ചുനിന്നു.

* 2002-ൽ ബി.എസ്.എൻ.എൽ. മൊബൈൽ രംഗത്തെത്തി. ഇൻകമിങ് സൗജന്യം എന്ന ആകർഷണം. ഔട്ട്ഗോയിങ് നിരക്ക് 16.80 രൂപയിൽ നിന്ന് 8.40 രൂപയാക്കി. അതോടെ എല്ലാ കമ്പനികളും ഇൻകമിങ് സൗജന്യമാക്കി. പിന്നീട് ഔട്ട്ഗോയിങ് നിരക്ക് മിനിറ്റിന് രണ്ടുരൂപയിലേക്ക് എല്ലാവരും താഴ്ത്തി.

* സോണി എറിക്സൺ, അൽക്കാടെൽ, സീമെൻസ് തുടങ്ങിയ ഹാൻഡ് സെറ്റുകൾകൂടി വിപണിയിലെത്തിയെങ്കിലും നോക്കിയയുടെ ആധിപത്യം തുടർന്നു.

* 2002 അവസാനം പുതിയ ടെലികോം നയത്തിന്റെ തുടർച്ചയായി സേവനദാതാക്കളുടെ എണ്ണം കൂടി. രാജ്യത്ത് 420-ഉം കേരളത്തിൽ 10-ഉം കമ്പനികൾ 2ജി സേവനവുമായി കളത്തിൽ.

എസ്കോട്ടെൽ, ഹച്ച്(ബി.പി.എൽ.), ബി.എസ്.എൻ.എൽ., എയർടെൽ, റിലയൻസ്, ടാറ്റ ഡോക്കോമോ, യൂണിനോർ, എയർസെൽ, എം.ടി.എസ്.(ഡേറ്റ മാത്രം), വിഡിയോകോൺ എന്നിവയാണ് കേരളത്തിലുണ്ടായിരുന്നവ.

* 2004-ൽ എസ്കോട്ടെല്ലിനെ ഐഡിയ വാങ്ങി. 2006-ൽ ബി.പി.എലിനെ ഹച്ച് വാങ്ങി. 2007-ൽ ഹച്ചിനെ വൊഡാഫോൺ വാങ്ങി. 2017-ൽ ഐഡിയയും വോഡാഫോണും ഒന്നായി.

* ജി.പി.ആർ.എസ്. സാങ്കേതികവിദ്യ സേവനദാതാക്കൾ ഏർപ്പെടുത്തിയതോടെ നേരിയ തോതിൽ ഫോണിൽ ഇന്റർനെറ്റ് കിട്ടാൻ തുടങ്ങി. ആദ്യം ഗൂഗിൾ എന്ന സൈറ്റ് ഓപ്പൺ ആവാൻ ചുരുങ്ങിയത് രണ്ടുമിനിറ്റ് എടുത്തിരുന്നു.

* 2005 ആയപ്പോഴേക്കും എഡ്ജ്(എൻഹാൻസ്ഡ് ഡേറ്റ് റേറ്റ്സ് ഫോർ ജി.പി.ആർ.എസ്.) എന്ന സാങ്കേതികവിദ്യ വന്നു. ഡേറ്റയ്ക്ക് കുറച്ചു കൂടി വേഗം വന്നു.

* 2010-ൽ 3-ജി യുമായി ബി.എസ്.എൻ.എൽ. എത്തി. അപ്പോഴേക്കും കീപാഡ് ഹാൻഡ് സെറ്റിൽ നിന്ന് ടച്ച് ഫോണുകളിലേക്ക് മാറ്റം. സാംസങ് ആയിരുന്നു ഈ രംഗത്ത് മുന്നിൽ. സോണി എറിക്സൺ, ആപ്പിൾ, വാവേ, എച്ച്.ടി.സി., എൽ.ജി. തുടങ്ങിയ കമ്പനികൾ കേരളത്തിലുമെത്തി.

* ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോം തൊട്ടു പിന്നാലെ വന്നതോടെ സ്മാർട്ട് ഫോണുകളിലേക്കുള്ള ഒഴുക്കു തുടങ്ങി. നോക്കിയയ്ക്ക് വിൻഡോസ് പ്ലാറ്റ്ഫോമായതിനാൽ വിപണിയിൽ പിന്നാക്കം പോയി. ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റവുമായി ആപ്പിളും രംഗത്ത്.

* 2011-ൽ ടാറ്റ ഡോക്കോമോ സെക്കൻഡ് ക്രമത്തിൽ നിരക്ക് ഈടാക്കാൻ തുടങ്ങിയത് വിപ്ലവമുണ്ടാക്കി. ഡോക്കോമോയിലേക്ക് വലിയ ഒഴുക്ക്. ഇതോടെ എല്ലാ കമ്പനികളും സെക്കൻഡ് പൾസ് നിരക്കിലേക്ക് മാറി. പ്രീപെയ്ഡ് കണക്ഷനുകൾ കൂടുതൽ ജനപ്രിയമായി.

* ടവറുകളുടെ പങ്കിടൽ വ്യാപകമായി വന്നതും 2010-ന് ശേഷം. ടവർ ഉണ്ടാക്കി വാടകയ്ക്ക് കൊടുക്കുന്ന കമ്പനികളും രംഗത്തെത്തി. ഇപ്പോൾ കേരളമൊട്ടാകെ എല്ലാ കമ്പനികൾക്കും കൂടി 22000 ടവറുകളുണ്ട്.

* 3ജി തരംഗത്തിൽ രാജ്യത്തെ സേവനദാതാക്കളുടെ എണ്ണം 15-ലേക്ക് ചുരുങ്ങി.

* 2016-ൽ രാജ്യത്ത് 4ജി തുടങ്ങി. ഐഡിയയും വൊഡാഫോണും ആദ്യം തുടങ്ങി. 4ജി ഹാൻഡ്സെറ്റുകൾക്ക് ഡിമാൻഡ് തുടങ്ങി. ഒരു കൊല്ലം ഡേറ്റ സൗജന്യമാക്കി റിലയൻസ് ജിയോയുടെ എത്തിയതോടെ അതിലേക്ക് ഒഴുക്കായി.

* മത്സരം കടുത്തു. വോയ്സ് കോളിനും എസ്.എം.എസിനും വലിയ വരുമാനം ഉണ്ടാക്കാനാവില്ലെന്ന് കമ്പനികൾ തിരിച്ചറിഞ്ഞു. ഇവ രണ്ടും അൺലിമിറ്റഡ് ആക്കിയുള്ള താരിഫുകളുടെ വരവായിരുന്നു പിന്നീട്. ഇപ്പോൾ രാജ്യത്ത് അവശേഷിക്കുന്നത് ബി.എസ്.എൻ.എൽ., ജിയോ, വൊഡാഫോൺ-ഐഡിയ, എയർടെൽ എന്നീ കമ്പനികൾ മാത്രം. ഇതിൽ 4ജി സേവനം ഇല്ലാത്തത് ബി.എസ്.എൻ.എലിന് മാത്രം.

* കേരളത്തിൽ ഇപ്പോൾ 4,50,91,419 മൊബൈൽ കണക്ഷനുകളാണുള്ളത്. വരിക്കാരുടെ എണ്ണം ഇങ്ങനെ: വൊഡാഫോൺ-ഐഡിയ(1,67,32,881), ബി.എസ്.എൻ.എൽ.(1,08,38,814), ജിയോ(1,06,80,602), എയർടെൽ(68,38,692

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker