കോട്ടയത്തെ ബാറുകളില്‍ 24 മണിക്കൂറും മദ്യം! സോഡ ഫ്രീ; കച്ചവടം പിടിക്കാന്‍ ബാറുകാര്‍ തമ്മില്‍ മത്സരം
കോട്ടയം: കോട്ടയത്തെ ബാറുകളില്‍ വ്യാപകമായി അനധികൃത മദ്യവില്‍പ്പന നടക്കുന്നതായി പരാതി. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണു ബാറുകളുടെ പ്രവര്‍ത്തന സമയം. എന്നാല്‍ ഇവിടെ പുലര്‍ച്ചെ അഞ്ചരമുതല്‍ മിക്ക ബാറുകളിലും മദ്യം വില്‍ക്കുന്നുണ്ട്. രാത്രിയില്‍ ചില ബാറുകളുടെ പ്രവര്‍ത്തനം നീണ്ടു പോകുന്നതായും പരാതിയുണ്ട്. ഇതിനൊപ്പം സോഡായും സൗജന്യമായി നല്‍കി കച്ചവടം പിടിക്കാനുള്ള തന്ത്രങ്ങളും വ്യാപകമായി നടക്കുന്നുണ്ട്.
അടുത്തിടെ ജില്ലയിലെ ഒരു ബാറില്‍ പുലര്‍ച്ചെ 5.30നു മദ്യം വില്‍ക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് എക്സൈ് സംഘം പരിശോധനയ്ക്കെത്തി മദ്യം പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, തുടര്‍ നടപടികളൊന്നുമുണ്ടായില്ല. പകരം, പരിശോധനയ്ക്കു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെതിരെ ഭീഷണിയും ഒരു പ്രമുഖ പാര്‍ട്ടി നേതാവ് ഇടപെട്ട് സ്ഥലം മാറ്റവും നേടി കൊടുത്തു. പല ബാറുകള്‍ക്കെതിരേയും ഇത്തരത്തില്‍ പരാതി ഉയരുന്നുണ്ടെങ്കിലും ഇക്കാരണത്താല്‍ വിവരമറിഞ്ഞാല്‍ പോലും പല ഉദ്യോഗസ്ഥരും പരിശോധനക്ക് എത്താന്‍ മടിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയ്ക്കൊപ്പം കൂടുതല്‍ ബാറുകള്‍ തുറക്കുകകൂടി ചെയ്തതോടെ കച്ചവടം കുറഞ്ഞതായി ബാര്‍ ഉടമകള്‍ പറയുന്നു. ബീവറേജസ് ചില്ലറ വില്‍പ്പന ശാലകളില്‍നിന്നും ബാറില്‍നിന്നു വാങ്ങുമ്പോഴുള്ള വിലയിലെ വ്യത്യാസം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കൃത്യമായി മനസിലാക്കിയതും വില്‍പ്പന കുറയാന്‍ കാരണമായി. നിലവില്‍ 53 ബാറുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.