തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് 2397 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്. രോഗം സ്ഥിരീകരിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. 122 പേരെ വീട്ടിലെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. കൊറോണ വൈറസ് ഭീതി അകലുകയാണെങ്കിലും സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രത തുടരുകയാണ്. കഴിഞ്ഞ ദിവസം 1040 വ്യക്തികളെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 402 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 363 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കി ഫലം ലഭിക്കാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ചൈനയില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,486 ആയി. രോഗം സ്ഥിരീകരിച്ച വുഹാന്‍ ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 116 പേരാണ്. ഹുബൈയില്‍ ഇന്നലെ 4823 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഹുബൈയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 51,986 ആയി. ഇതില്‍ 36,719 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,685 പേരുടെ നില ഗുരുതരമാണ്. 4131 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.