മുംബൈ:വിലവര്‍ധനവിനു പുറമേ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങള്‍ കൂടി വരുന്നതോടെ രാജ്യത്തെ ഇരുചക്ര വാഹന വില്‍പന ഇടിയുമെന്ന് റിപ്പോര്‍ട്ട്. രണ്ട് ഘട്ടമായി ഓണ്‍ ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് സ്‌റ്റേജ് 2 (OBD 2) നടപ്പാക്കുന്നതിനു പകരം ഒറ്റത്തവണയായി നടപ്പാക്കുന്നതും പണപ്പെരുപ്പവും ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വരുന്ന വര്‍ധനവുമെല്ലാം ഇരുചക്രവാഹന വില ഇനിയും കൂട്ടുമെന്നാണ് സൂചന. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇരുചക്ര വാഹന വിലയില്‍ 22 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ പ്രവണത തുടരാനാണു സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒബിഡി 2 എ 2023 ഏപ്രില്‍ ഒന്ന് മുതലും ഒബിഡി 2 ബി 2025 ഏപ്രില്‍ ഒന്ന് മുതലും നടപ്പാക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ഇതു നടപ്പാക്കണമെങ്കില്‍ ഇരുചക്ര- മൂന്നു ചക്ര വാഹന നിർമാതാക്കള്‍ക്ക് കൂടുതല്‍ പരിശോധനകളും മറ്റും അധികമായി വാഹനങ്ങളില്‍ നടത്തേണ്ടി വരും. നേരത്തേ പ്രഖ്യാപിച്ച രണ്ട് ഘട്ടങ്ങള്‍ ഒരുമിച്ച് 2023 ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും വാഹന നിർമാതാക്കള്‍ക്കു തിരിച്ചടിയാവും. നവംബര്‍ 2021ലാണ് കേന്ദ്രം ഒബിഡി 2 നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
കാറ്റലറ്റിക് കണ്‍വര്‍ട്ടേഴ്‌സ്, മിസ്ഫയര്‍ ഡിറ്റക്‌ഷന്‍, ഓക്‌സിജന്‍ സെന്‍സര്‍ ഡിറ്ററിയൊറേഷന്‍ എന്നിവ പരിശോധിക്കുകയെന്നതാണ് ഒബിഡി 2 എ. ഒബിഡി 2 ബിയില്‍, ഈ പരിശോധനകള്‍ വാഹന നിർമാതാക്കള്‍ ആദ്യ രണ്ടു വര്‍ഷം തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടി വരും. നേരത്തേ പ്രഖ്യാപിച്ചതു പോലെ രണ്ട് ഘട്ടമായി ഒബിഡി 2 പരിശോധനകള്‍ നടപ്പിലാക്കണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടമൊബീല്‍ മാനുഫാക്ചറേഴ്‌സ്(SIAM) ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഇരുചക്രവാഹന വില തുടര്‍ച്ചയായി വര്‍ധിക്കുന്നുണ്ട്. വാഹന നിർമാണത്തിനുള്ള വസ്തുക്കളുടെ വില വര്‍ധനവായിരുന്നു കാരണം. ഇരുചക്രവാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ജൂണ്‍ ഒന്ന് മുതല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 150 സിസിക്ക് മുകളില്‍ എൻജിന്‍ ശേഷിയുള്ള ബൈക്കുകളുടെ പ്രീമിയത്തിലാണ് വര്‍ധന. അതേസമയം ഇരുചക്രവാഹന വില്‍പനയില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇടിവാണ്. കഴിഞ്ഞ വര്‍ഷം 1.34 കോടി ഇരുചക്രവാഹനങ്ങളാണ് രാജ്യത്തു വിറ്റഴിഞ്ഞത്. കഴിഞ്ഞ പത്തുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് ഇരുചക്രവാഹന വിപണി എത്താന്‍ ഒരുപാട് സമയം എടുത്തേക്കുമെന്ന സൂചനകളാണ് ഇതെല്ലാം നല്‍കുന്നത്. വാഹനവില വര്‍ധനക്കൊപ്പം പണപ്പെരുപ്പവും ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷിയെ ബാധിക്കുന്നുവെന്ന് ടിവിഎസ് മോട്ടോഴ്‌സിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. ഇനിയും വിലവര്‍ധനവുണ്ടായാല്‍ അത് ഇരുചക്രവാഹന വിൽപന കുറയ്ക്കുമെന്നും ടിവിഎസ് മോട്ടോഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.