കൊച്ചി: കേരള ഹൈക്കോടതിയില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത് 2 ലക്ഷത്തിനടുത്ത് കേസുകള്‍. കേസ് കേള്‍ക്കുന്നതിനായി ആവശ്യത്തിന് ജഡ്ജിമാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ആകെ 47 ജഡ്ജിമാര്‍ വേണ്ട സ്ഥാനത്ത് 32 പേര്‍ മാത്രമാണ് ഹൈക്കോടതിയില്‍ നിലവിലുള്ളത്. മൊത്തം 15 ജഡ്ജിമാരുടെ കുറവാണുള്ളത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 1,95,084 കേസുകളാണ് ഹൈക്കോടതിയില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. ഇതില്‍ 1,51,478 സിവില്‍ കേസുകളും 43606 ക്രിമിനല്‍ കേസുകളും ഉള്‍പ്പെടും.
അതേസമയം ജഡ്ജിമാരെ നിയമിക്കാന്‍ കേരള ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകള്‍ ഇപ്പോഴും സുപ്രീംകോടതി കൊളീജിയം, കേന്ദ്ര സര്‍ക്കാര്‍ എന്നിവരുടെ പരിഗണനയിലാണ്. ആകെ 14 പേരുകളാണ് ശുപാര്‍ശ ചെയ്തിരുന്നത്. ഇതിനിടെ കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ കൂടുതല്‍ ജഡ്ജിമാര്‍ വേണമോയെന്നത് സംബന്ധിച്ച് പഠിക്കാന്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.