ട്രാക്ടര്‍ റാലിക്കിടെ ദല്‍ഹിയില്‍ അറസ്റ്റിലായ എല്ലാ കര്‍ഷകര്‍ക്കും പഞ്ചാബ് സര്‍ക്കാറിന്റെ രണ്ട് ലക്ഷം രൂപ; കേന്ദ്രത്തിന് അപ്രതീക്ഷിത തിരിച്ചടി
ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടപ്പിച്ച ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ അറസ്റ്റിലായ 83 പ്രതിഷേധക്കാര്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വെള്ളിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കാനുള്ള സര്‍ക്കാരിന്റെ നിലപാട് ആവര്‍ത്തിക്കുകയാണെന്നും 2021 ജനുവരി 26 ന് ദേശീയ തലസ്ഥാനത്ത് ട്രാക്ടര്‍ റാലി നടത്തിയതിന് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത 83 പേര്‍ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തങ്ങള്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ജനുവരി 26 ന്, ദല്‍ഹി പൊലീസും കര്‍ഷക നേതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ദല്‍ഹിയില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി അനുവദിച്ചത്. എന്നാല്‍ ഒരു സംഘം ആള്‍ക്കാര്‍ ചെങ്കോട്ടയിലെത്തുകയും തുടര്‍ന്ന് വലിയ രീതിയിലുള്ള സംഘര്‍ഷം ഉണ്ടാവുകയും ചെയ്യുകയായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലേറയായി കര്‍ഷകര്‍ പ്രതിഷേധം തുടരുകയാണ്. നിയമം പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് കര്‍ഷകരുടെ തീരുമാനം. സമരം അടിച്ചമര്‍ത്താനുള്ള ശ്രമം കേന്ദ്രം തുടരുന്നതിനിടെയാണ് കര്‍ഷകരെ പിന്തുണച്ചുകൊണ്ടുള്ള പഞ്ചാബ് സര്‍ക്കാരിന്റെ പുതിയ നടപടി.