CrimeNationalNews

ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ 2 പ്രതികൾ പിടിയിൽ

മുംബൈ: മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ 2 പേർ അറസ്റ്റിൽ. ഇവരിൽ നിന്ന് പിസ്റ്റൾ പിടിച്ചെടുത്തതതായി പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട മൂന്നാമനെ കണ്ടെത്താൻ വേണ്ടി ശ്രമം തുടരുകയാണ്. റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടക്കുകയാണ്. സംഭവത്തില്‍ മഹാരാഷ്ട്ര ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. 10 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. 

മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ബോളിവുഡ് സിനിമാലോകത്തും കഴിഞ്ഞ നാലരപതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന നേതാവാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രി മുംബൈയിലെ ബാന്ദ്രയിലാണ് ബാബാ സിദ്ദിഖിക്ക് വെടിയേറ്റത്. രാത്രി ഒമ്പതരയോടെ ദസറ ആഘോഷങ്ങള്‍ നടക്കുന്നതിനിടെ മുഖം മുടി ധരിച്ചെത്തിയ മൂന്ന് പേര്‍ സിദ്ദിഖിക്ക് നേരെ വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലക്ക് പിന്നില്‍ കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയുടെ സംഘമെന്നാണ് സൂചന. സംഭവത്തിൽ ഷിന്‍ഡെ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

ആരാണ് കൊല്ലപ്പെട്ട ബാബാ സിദ്ദിഖി?

ഈ വർഷം ഫെബ്രുവരിയിലാണ് 48 വര്‍ഷക്കാലം നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബാബാ സിദ്ദിഖി പാർട്ടിയുടെ
പ്രാഥമിക അംഗത്വം പോലും രാജിവച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്. 1999, 2004, 2009 വർഷങ്ങളില്‍ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽനിന്നും തുടർച്ചയായി വിജയിച്ച നേതാവ്.മഹാരാഷ്ട്രയുടെ ഭക്ഷ്യ, സിവിൽ സപ്ലൈസ്, തൊഴിൽ വകുപ്പുകള്‍ കൈകാര്യം ചെയ്ത മുന്‍മന്ത്രി.ബാന്ദ്രയിലെ ബോളിവുഡ് താരങ്ങൾക്കും വ്യവസായികൾക്കുമിടയിൽ അത്രമാത്രം സ്വാധീനമുള്ള നേതാവ്.

2013ല്‍ ഷാരൂഖ്, സല്‍മാന്‍ ഖാന്‍മാ‍ർ തമ്മിലുണ്ടായ പ്രശസ്തമായ തർക്കം ഒരു ഇഫ്താർ വിരുന്നില്‍ ബാബ സിദ്ദിഖി പുഷ്പം പോലെ പരിഹരിച്ചതും മറ്റൊരു ചരിത്രമാണ്. അത്രമാത്രം ബന്ധം ബോളിവുഡിനോടും സിദ്ദിഖി സൂക്ഷിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ നാവായും സിദ്ദിഖി പയറ്റിത്തെളിഞ്ഞതാണ് മഹാരാഷ്ട്ര രാഷ്ട്രീയം. ഒടുവില്‍ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ കൗമാരക്കാലം മുതല്‍ തുടങ്ങിയ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിദ്ദിഖി പിടിയിറങ്ങിയപ്പോള്‍ കോൺഗ്രസിന് ബാന്ദ്ര മേഖലയിൽ ഉണ്ടായിരുന്ന മേൽക്കൈയ്ക്കും ഉലച്ചില്‍ സംഭവിച്ചിരുന്നു.

എൻസിപി പിളർത്തി എൻഡിഎ സർക്കാരിന്റെ ഭാഗമായ അജിത് പവാർ വിഭാഗത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാനായിരുന്നു സിദ്ദിഖിയുടെ തീരുമാനം. മറാഠാ രാഷ്ട്രീയത്തിലെ ഒരു അതികായനാണ് മൂന്നംഗ സംഘത്തിന്റെ വെടിയേറ്റ് മരിച്ചുവീണത്. ഈ അരുംകൊലയ്ക്ക് പിന്നിലാരെന്ന ചോദ്യങ്ങള്‍ വരും ദിവസങ്ങളില്‍ മഹാരാഷ്ട്രയെ ചൂടിപിടിപ്പിക്കുക തന്നെ ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker