ന്യൂഡല്‍ഹി: കൊവിഡ് വീഴ്ച ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പോസ്റ്ററുകള്‍ പതിപ്പിച്ച സംഭവത്തില്‍ 17 പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാരിന്റെ വാക്സിന്‍ നയം ചോദ്യം ചെയ്താണ് വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
‘നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്സിനുകള്‍ എന്തിനാണ് മോദിജീ നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്’- എന്നിങ്ങനെയായിരുന്നു പോസ്റ്ററിലെ വാചകങ്ങള്‍. എണ്ണൂറിലധികം പോസ്റ്ററുകളും ബാനറുകളുമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
റഷ്യയുടെ സ്പുട്നിക് വി വാക്സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദിലെത്തി. ‘കൊവിഡിനെതിരെ ഇന്ത്യയും റഷ്യയും ഒന്നിച്ച് പോരാടുകയാണ്. നമ്മുടെ ഉഭയകക്ഷി ബന്ധത്തില്‍ ഇത് സുപ്രധാന ഘടകമാണ്’. റഷ്യന്‍ അംബാസിഡര്‍ നിക്കോളാസ് കുഡാഷെവ് പറഞ്ഞു.
മെയ് 1 നാണ് സ്പുട്നികിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. രാജ്യത്തെ വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ വൈകാതെ കഴിയുമെന്നാണ് പ്രതീക്ഷ. ഏപ്രില്‍ 12നാണ് റഷ്യയുടെ സ്പുട്നിക് വി വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്.
രാജ്യത്ത് പുതുതായി 3,11,170 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,077 പേർ മരിച്ചു. ലോകത്താകെ കൊവിഡ് കേസുകൾ 2.46 കോടി കടന്നു. തുടർച്ചയായ ദിവസങ്ങളിൽ ദിനംപ്രതി കൊവിഡ് കേസുകൾ മൂന്നുലക്ഷത്തിൽപരമാണ്. അതേസമയം മരണനിരക്ക് നാലായിരത്തിന് മുകളിൽ തന്നെ തുടരുകയാണ്. രാജ്യത്ത് ഇതുവരെ 2,07,95335 പേരാണ് രോഗമുക്തി നേടിയതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി എന്നീ നാല് സംസ്ഥാനങ്ങളിൽ മാത്രം കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് 1,16,600 പേർക്കാണ്.