ന്യൂഡല്‍ഹി: അറുപതുകാരന്റെ പീഡനത്തിന് ഇരയായ 16കാരി വീടിന്റെ ടെറസില്‍ പ്രസവിച്ചു. പോക്സോ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. വടക്കന്‍ ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. നവജാത ശിശുവിനെ കണ്ടതായി ഒരു അജ്ഞാതന്‍ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടക്കത്തില്‍ കുഞ്ഞിനെ കുറിച്ച് പോലീസിന് കൂടുതതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ആണ് കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയത്. കുഞ്ഞിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
എട്ട് മാസം മുമ്പ് 60കാരന്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനെ വിവരം അറിയിച്ചു. വീട്ടുകാരെ ഭയന്ന് ഇക്കാര്യം പെണ്‍കുട്ടി മറച്ചു വെയ്ക്കുകയായിരുന്നു. വീടിന്റെ ടെറസില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് വീടിന് സമീപമുള്ള കടയ്ക്ക് സമീപം ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. കടയുടമയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. വീട്ടുജോലി ചെയ്താണ് പെണ്‍കുട്ടിയും അമ്മയും കഴിഞ്ഞിരുന്നതെന്നും പോലീസ് പറയുന്നു.