പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയ കൗമാരക്കാരന്‍ അറസ്റ്റില്‍
സൂറത്ത്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയ കൗമാരക്കാരന്‍ അറസ്റ്റില്‍. ഗുജറാത്ത് ഭാവ്‌നഗര്‍ സ്വദേശിയായ പതിനാറുകാരനാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ ബലാത്സംഗ കേസിന് പുറമെ പോക്‌സോ വകുപ്പ് അനുസരിച്ചും വിവിധ കുറ്റങ്ങള്‍ ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നത്. സൂറത്ത് സ്വദേശിയായ പതിനഞ്ചുകാരിക്കൊപ്പമായിരുന്നു കൗമാരക്കാരന്റെ ഒളിച്ചോട്ടം.
ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്ന് മുതലാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കുന്നത്. വീട്ടില്‍ നിന്നും പോയ സമയത്ത് പെണ്‍കുട്ടിയുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ആണ്‍കുട്ടി സൂറത്തിലെത്തി. പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു ലക്ഷ്യം. പെണ്‍കുട്ടിയെ വിളിച്ചിറക്കി സ്വന്തം വീട്ടിലെത്തിച്ചെങ്കിലും തിരികെ കൊണ്ടു വിടാന്‍ ഇയാളുടെ പിതാവ് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഭാവ്‌നഗറില്‍ തന്നെ വാടകയ്ക്ക് ഒരു വീടെടുത്ത് ഇരുവരും ഒന്നിച്ച് താമസം ആരംഭിക്കുകയായിരുന്നു.