ഹൈദരാബാദ്: ട്യൂഷന്‍ ടീച്ചറില്‍ നിന്ന് 14 കുട്ടികള്‍ക്ക് കൊവിഡ് ബാധ. ആന്ധ്രപ്രദേശില്‍ ഗുണ്ടൂര്‍ ജില്ലയിലാണ് സംഭവം. കൊവിഡ് സ്ഥിരീകരിച്ച കുട്ടികള്‍ 12 വയസിനു താഴെയുള്ളവരാണ്. രോഗബാധിതരായ അധ്യാപക ദമ്പതിമാരില്‍ നിന്നാണ് ട്യൂഷന് എത്തിയ കുട്ടികള്‍ക്ക് കൊവിഡ് പകര്‍ന്നത്. കുട്ടികള്‍ക്കു പിന്നാലെ ചില മാതാപിതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
സെപ്റ്റംബര്‍ 25 ന് കൊവിഡ് ബാധയെ തുടര്‍ന്ന് ഒരാള്‍ ഗുണ്ളടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച് മരണപ്പെട്ടു. അതുവരെ മരണപ്പെട്ട ആളുടെ ആ പ്രദേശം ഒരൊറ്റ കൊവിഡ് കേസ് പോലുമില്ലാത്ത ഗ്രീന്‍ സോണ്‍ ആയിരുന്നു. തുടര്‍ന്ന് 250 ഓളം പേരെ പരിശോധന നടത്തിയതില്‍ 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 14 പേര്‍ കുട്ടികളായിരുന്നു. 14 കുട്ടികളും എട്ടിനും 12 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. മാത്രമല്ല ഈ കുട്ടികള്‍ എല്ലാവരും ഒരിടത്ത് ട്യൂഷന് പോയിരുന്നവരാണെന്നും കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് ട്യൂഷന്‍ നടത്തിയതിന് ടീച്ചര്‍ക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കി. ട്യൂഷന്‍ നടത്തിയിരുന്ന ടീച്ചര്‍ നരസരോപെറ്റിലുള്ള ജൂനിയര്‍ കോളേജിലെ ഇംഗ്ലീഷ് അധ്യാപകനാണ്. അദേഹത്തിന്റെ അധ്യാപികയായ ഭാര്യയുടെ പ്രസവത്തിനു തൊട്ടുമുമ്പാണ് രോഗബാധ സ്ഥിരീകരിച്ചത്.