എട്ടുമാസമായി കണ്‍പോളകള്‍ തുറക്കാന്‍ പറ്റുന്നില്ല; അപൂര്‍വ്വ രോഗവുമായി 12കാരി
ചെന്നൈ: അത്യപൂര്‍വ്വ മാനസിക രോഗം പിടിപെട്ട 12 വയസുകാരി ചികിത്സതേടി ഇന്ത്യയിലെത്തി. മൗറീഷ്യസ് സ്വദേശിനിയാണ് ചെന്നൈ കാവേരി ആശുപത്രിയിലെത്തിയത്. ഇവിടെ പ്രവേശിപ്പിച്ച ശേഷം കുട്ടിയുടെ അവസ്ഥയില്‍ വലിയ മാറ്റമുണ്ടായതായി അധികൃതര്‍ പറയുന്നു. കുട്ടിക്ക് കണ്‍വെന്‍ഷണല്‍ ഡിസോഡറാണെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിന്റെ വൈകാരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങളെ ശാരീരിക ലക്ഷണങ്ങളിലൂടെ പ്രകടിപ്പിക്കുന്ന അവസ്ഥയാണിത്. പെട്ടെന്നുള്ള ശാരീരിക ലക്ഷണങ്ങളെയാണ് ശരീരം പ്രകടിപ്പിക്കുന്നത്.
അസുഖ ബാധിതയായ പെണ്‍കുട്ടി കഴിഞ്ഞ എട്ടുമാസങ്ങളായി കണ്‍പോളകള്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. രോഗ നിര്‍ണ്ണയത്തിനായി കുട്ടിയെ മുംബൈയിലേയും ചെന്നൈയിലേയും കേന്ദ്രങ്ങളിലേക്കു കൊണ്ടുപോയിരുന്നു. അവിടെനിന്നാണ് കുട്ടിയെ കാവേരി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നത്. വൈദ്യശാസ്ത്രപരമായോ നാഡീശാസ്ത്രപരമായോ നിര്‍വ്വചിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു കുട്ടിയുടേത്. എന്നാല്‍ വിശദമായ മാനസിക ശേഷിയളക്കല്‍ ടെസ്റ്റുകള്‍ക്കു ശേഷമാണ് കണ്‍വെന്‍ഷണല്‍ ഡിസോര്‍ഡറാണെന്ന നിഗമത്തില്‍ എത്തിയത്.
ഈ അവസ്ഥയില്‍ ഓര്‍ബിക്യുലാരിസ് (കണ്‍പോളകള്‍ അടയ്ക്കാനും തുറക്കാനും സഹായിക്കുന്ന പേശി) പേശികളുടെ ഞരമ്പുകള്‍ അസാധാരണമായി പ്രവര്‍ത്തന ക്ഷമമല്ലാതാകും. ചിലപ്പോള്‍ ഇത് കുറച്ചു നിമിഷങ്ങള്‍ നീണ്ടു നല്‍ക്കും. ചില സന്ദര്‍ഭങ്ങളില്‍ മണിക്കൂറുകളോളം ഈ അവസ്ഥ തുടരും. ആശുപത്രിയിലെത്തി ചികിത്സ ആരംഭിച്ച് രണ്ടു ദിവസങ്ങല്‍ക്കുള്ളില്‍ കുട്ടിക്ക് കണ്ണു തുറക്കാന്‍ സാധിച്ചു. ചികിത്സ ലഭിച്ചില്ലെങ്കില്‍ കുട്ടിക്ക് സ്ഥിരമായ കാഴ്ചവൈകല്യങ്ങള്‍ ഉണ്ടായേക്കാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.