കോലഞ്ചേരി: വീട്ടില്‍ അനുജനോടൊപ്പം കളിക്കുന്നതിനിടെ ജ്യേഷ്ഠന്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. ചെറുനെല്ലാട് പാപ്പാലില്‍ എല്‍ദോ ജോര്‍ജിന്റെ മകന്‍ ബേസില്‍ എല്‍ദോ (11) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. വീട്ടില്‍ എല്‍ദോയുടെ മാതാപിതാക്കള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എല്‍.കെ.ജി വിദ്യാര്‍ഥിയായ സഹോദരന്‍ ബെനറ്റുമായി മുകളിലത്തെ മുറിയില്‍ കളിക്കുന്നതിനിടയിലാണ് സംഭവം.
ബെനറ്റിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടെത്തിയ എല്‍ദോയുടെ മാതാപിതാക്കള്‍ എത്തിയപ്പോള്‍ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ബെനറ്റ് വാതില്‍ തുറന്നപ്പോളാണ് ബേസിലിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ ഉടന്‍ പ്ലാസ്റ്റിക് കയര്‍ അറുത്ത് മാറ്റി കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയാതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മേക്കടമ്പ് എം.ഐ.എന്‍ പബ്ലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. പിതാവ് മൂവ്വാറ്റുപുഴ ഡെന്റ് കെയര്‍ ഡെന്റല്‍ കെയറിലെ ജീവനക്കാരനാണ്. മാതാവ് ദീപ വാളകം തേക്കുംകാട്ടില്‍ കുടുംബാംഗമാണ്. കുട്ടിയുടെ കൊവിഡ് ടെസ്റ്റ് നെഗറ്റീവാണ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3-ന് കുന്നക്കുരുടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍. കുന്നത്തുനാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.