ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് നിരവധി പേരാണ് ഭക്ഷണം പോലും ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. പ്രത്യേകിച്ച് തെരുവോരങ്ങളില്‍ കഴിയുന്നവര്‍. അത്തരത്തിലൊരു വീഡിയോ സന്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചേതന എന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
11 വയസുള്ള രാമന്‍ (യഥാര്‍ഥ പേരല്ല) എന്ന കുട്ടിയാണ് താനും സഹോദരങ്ങളും മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്ന് പറഞ്ഞാണ് സന്ദേശം അയച്ചിരിക്കുന്നത്. കുടിക്കാന്‍ വെള്ളമെങ്കിലും തരൂവെന്ന് അവര്‍ പറയുന്നു. മാര്‍ച്ച് 24ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പല ദിവസവും പട്ടിണിയിലാണെന്ന് കുട്ടി പറയുന്നു.
12 വയസുള്ള ബിന്നി (യഥാര്‍ഥ പേരല്ല) അച്ഛന്‍ അവളെ ഉദ്രവിച്ചതടക്കമുള്ള ക്രൂരതകളെ അതിജീവിച്ച പെണ്‍കുട്ടിയാണ്. ഇപ്പോഴത്തെ പോലൊരു അവസ്ഥ ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് ബിന്നി പറയുന്നു. ഒരു നേരമെങ്കിലും തങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ അധികൃതര്‍ ശ്രമിക്കണമെന്ന് ബിന്നി അപേക്ഷിക്കുന്നു. തന്റെ കുടുംബത്തിന് ഇപ്പോള്‍ വരുമാനം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും അവള്‍ പറയുന്നു.
ഇത്തരത്തില്‍ നിരവധി സന്ദേശങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്നതായി ചേതനയുടെ ഡയറക്ടര്‍ സഞ്ജയ് ഗുപ്ത പറയുന്നു. തെരുവുകളില്‍ പേനകളും ബലൂണുമൊക്കെ വില്‍ക്കുന്ന കുട്ടികള്‍ക്ക് ലോക്ക്ഡൗണ്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള കുട്ടികള്‍ ധാരളമുണ്ട്. പലരും താമസിക്കുന്നത് എവിടെയാണെന്ന് പോലും കണ്ടെത്തുക പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മൂന്നാം ദിവസം തന്നെ ഇത്തരത്തിലുള്ള കുട്ടികളുടെ സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങിയിരുന്നു. മിക്ക കുട്ടികളും വിശന്ന് ഭക്ഷണം കഴിക്കാനൊരു വഴിയുമില്ലാതെയാണ് സഹായം ചോദിക്കുന്നത്.
ഇങ്ങനെ വിളിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ അധികൃതരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ കൈമാറുകയാണ് തങ്ങളിപ്പോള്‍ ചെയ്യുന്നത്. അവശ്യ സേവനത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് സഹായം ചെയ്യുന്നതിന് സംഘടനയ്ക്ക് പരിമിതിയുള്ളതിനാലാണ് ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്ബര്‍ കൈമാറുന്നത്. ഇപ്പോള്‍ പല കുട്ടികള്‍ക്കും ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ലഭിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഗുപ്ത പറഞ്ഞു.
ഡല്‍ഹി, ലഖ്നൗ, ഗാസിയബാദ് എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള തെരുവ് കുട്ടികളുള്ളത്. അവര്‍ മൊബൈല്‍ ഫോണ്‍ വഴിയാണ് തങ്ങളുമായി ബന്ധപ്പെടുന്നത്. 12-15 സംഘം വരുന്ന കുട്ടികള്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടാകും. ഇത്തരത്തില്‍ 600 മുതല്‍ 800 വരെ തെരുവ് കുട്ടികള്‍ ഡല്‍ഹി, ലഖ്നൗ, ഗാസിയബാദ് എന്നിവിടങ്ങളിലുണ്ടെന്നും ഗുപ്ത പറഞ്ഞു.