സോഷ്യല്‍ മീഡിയ വഴി കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച 12 പേര്‍ പിടിയില്‍; സംസ്ഥാനത്ത് പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും, കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി ‘ഓപ്പറേഷന്‍ പി ഹണ്ട്’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം 12 പേര്‍ അറസ്റ്റില്‍. 126 പേര്‍ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 20 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന നൂറിലേറെ ഗ്രൂപ്പുകള്‍ പോലീസ് നിരീക്ഷണത്തിലാണെന്നും ഇവയിലെ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഇന്റര്‍പോളിന്റെ അടക്കം സഹായത്തോടെ പരിശോധന നടത്തുമെന്നും എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളില്‍ പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടാന്‍ സംസ്ഥാന പോലീസ് ആരംഭിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ പി ഹണ്ട്. സംസ്ഥാന വ്യാപകമായുള്ള മൂന്നാമത്തെ റെയ്ഡാണ് ഇക്കഴിഞ്ഞ ദിവസം നടത്തിയത്. അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് വ്യാപകമായി തുടരുന്നതായി കണ്ടെത്തിയതോടെയാണ് പോലീസ് വീണ്ടും പരിശോധന നടത്തിയത്.
നിരവധി സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും ഇത്തരം കാര്യങ്ങളില്‍ സജീവമാണെന്നും നിരവധിപേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിരവധി ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നുണ്ട്. പിടിയിലായവരില്‍ നിന്നും മൊബൈല്‍ ഫോണ്‍, ഹാര്‍ഡ്ഡിസ്‌ക്, മോഡം, ലാപ്ടോപ്പ് അടക്കമുള്ളവ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ വ്യാപിപ്പിക്കുവാനുള്ള നടപടികളും ആലോചിക്കുന്നുണ്ട്.
ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ടെലഗ്രാം എന്നി സാമൂഹ്യമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം മുന്നോട്ടുപോയത്. പരിശോധയില്‍ നൂറിലധികം ഗൂപ്പുകളില്‍ ചെറിയ കുട്ടികളുടെ അടക്കം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതായി കണ്ടെത്തി.