വ്യവസായിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഹണി ട്രാപ്പ്,സ്ത്രീ ഉൾപ്പടെ മൂന്ന് പേർ പൊലീസ് പിടിയിലായി
പൂച്ചാക്കൽ: അരൂക്കുറ്റിയിലെ പ്രമുഖ വ്യവസായിയുടെ ആത്മഹത്യയ്ക്ക് (Businessman commits suicide) പിന്നിൽ ഹണി ട്രാപ്പാണെന്ന് (Honey Trap) തെളിഞ്ഞതായി പൊലീസ്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പടെ മൂന്ന് പേർ പൊലീസ് പിടിയിലായി. തൃശൂർ ജില്ലയിലെ വാടാനപ്പള്ളി തൃത്തല്ലൂരിൽ രായംമരക്കാർ വീട്ടിൽ സജീർ (39), എറണാകുളം രാമേശ്വരം വില്ലേജിൽ അത്തിപോഴിക്കൽ വീട്ടിൽ സോന എന്ന് വിളിക്കുന്ന റുക്സാന ഭാഗ്യവതി( സോന – 36), തൃശ്ശൂർ ചേർപ്പ് പഞ്ചായത്ത് ഊരകം രാത്തോഡ് വീട്ടിൽ അമ്പാജി( 44) എന്നിവരാണ് പിടിയിലായത്.
നാല് മാസം മുൻപാണ് വ്യവസായിയെ അദ്ദേഹത്തിന്‍റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാല്‍, ആത്മഹത്യ ചെയ്താന്‍ തക്ക പ്രശ്നങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കണ്ണാടി ചാരിട്ടബിൾ ട്രസ്റ്റ് (Kannadi Charitable Trust) പ്രതിനിധികളായ പ്രതികൾ ദീർഘകാലമായ് പല തവണ വ്യവസായിയിൽ നിന്നും വൻ തുക കൈപ്പറ്റിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
വ്യവസായി മരിക്കുന്നത്തിന് രണ്ടാഴ്ച മുൻപ് സജീറും സുഹൃത്ത് റുക്സാനയും വ്യവസായിയെ കാണാനെത്തിയിരുന്നു. മറ്റ് രണ്ടു പേർ കാറിൽ ഇരിക്കേവെ റുക്സാന ഒറ്റയ്ക്കാണ് വ്യവസായിയെ കാണാനായി വീട്ടിലെത്തിയത്. ഇവര്‍ വീടിനുള്ളില്‍ വ്യവസായിയുമായി സംസാരിച്ചിരിക്കവേ സജീർ പെട്ടെന്ന് വീടിനകത്തേക്ക് ഓടിക്കയറുകയും റുക്സാന തന്‍റെ ഭാര്യയാണെന്നും റുക്സാനയും വ്യവസായിയും തമ്മിൽ അവിഹിത ബന്ധമാണെന്നും പറഞ്ഞ് ബഹളം വച്ചു. തുടര്‍ന്ന് നാട്ടുകാരെ വിളിച്ച് കൂട്ടുമെന്ന് സജീര്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന 100 പവനോളം സ്വർണ്ണവും 3 ലക്ഷം രൂപയും കൂടെ വന്ന സുഹൃത്തിന്‍റെ സഹായത്തോടെ ഇയാള്‍ എടുത്തു കൊണ്ട് പോവുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പിന്നീട് തൃശൂരിലെത്തി അംബാജി എന്നയാൾക്ക് സജീര്‍ സ്വർണം വിറ്റു. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷവും ഇവര്‍ വ്യവസായി കാണുകയും 50 ലക്ഷം രൂപ വേണമെന്നും ഇല്ലെങ്കിൽ കുടുംബത്തിൽ നടക്കാനിരിക്കുന്ന വിവാഹങ്ങൾ മുടക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇവരുടെ ഭീഷണിയെ തുടർന്നാണ് വ്യവസായി ആത്മഹത്യ ചെയ്തതതെന്ന് പൊലീസ് പറയുന്നു. മരണ വിവരമറിഞ്ഞ പ്രതികൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. സജീർ റുക്സാനയോടൊപ്പം പല സ്ഥലങ്ങളിലായി ആഡംബര ഫ്ലാറ്റുകളിൽ താമസിച്ചുവരവേയാണ് എറണാകുളത്ത് നിന്നും പൂച്ചാക്കൽ പൊലീസ് ഇരുവരെയും പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ചേർത്തല ഡിവൈഎസ്പി ടി ബി വിജയന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് ആലപ്പുഴ സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘത്തിൽ പൂച്ചാക്കൽ എസ് ഐ കെ ജെ ജേക്കബ്, എസ് ഐ ഗോപാലകൃഷ്ണൻ, എ എസ് ഐ വിനോദ് സി പി ഓ മാരായ നിസാർ, അഖിൽ, ഷൈൻ, അരുൺ, നിധിൻ, അജയഘോഷ്, ശ്യാം, ബൈജു, പ്രവീഷ്, നിത്യ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികൾ മറ്റ് സ്ഥലങ്ങളിൽ സമാന സ്വഭാവമുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി ചേർത്തല ഡിവൈഎസ്പി അറിയിച്ചു.