‘നരേന്ദ്ര മോദി ജന്മനാ ഇന്ത്യക്കാരന്‍, പൗരത്വ രേഖയുടെ ആവശ്യമില്ല’ വിവരാവകാശ രേഖയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാ ഇന്ത്യന്‍ പൗരനായതു കൊണ്ട് അദ്ദേഹത്തിന് പൗരത്വ രേഖയുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. മോദിയുടെ പൗരത്വ രേഖ കാണിക്കണമെന്ന് വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് ഈ മറുപടി. സുബന്‍കര്‍ സര്‍ക്കാര്‍ എന്ന വ്യക്തിയാണ് മോദിയുടെ പൗരത്വം സംബന്ധിച്ച് വിവരാവകാശ നിയമം വഴി അപേക്ഷ നല്‍കിയത്.
1955ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാല്‍ തന്നെ ഇന്ത്യന്‍ പൗരനാണ്. അതുകൊണ്ടുതന്നെ ചോദ്യത്തിന് പ്രസക്തിയില്ല എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി അവ്യക്തമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മോദിയുടെ പൗരത്വവുമായി ബന്ധപ്പെട്ട് നേരത്തെ ഒരു മലയാളി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയത് വാര്‍ത്തയായിരുന്നു. ചാലക്കുടി വിആര്‍ പുരം സ്വദേശി കല്ലുവീട്ടില്‍ ജോഷിയാണ് അപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ചാലക്കുടി മുന്‍സിപ്പാലിറ്റിയിലാണ് അപേക്ഷ നല്‍കിയത്. അപേക്ഷ ഡല്‍ഹിയിലെ കേന്ദ്ര പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് മുന്‍സിപ്പാലിറ്റി അധികൃതര്‍ അയച്ചു.