വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍-ഷോട്ട് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കി അമേരിക്ക. കൊവിഡിന്റെ പുതിയ വകഭേദങ്ങളടക്കം തടയാന്‍ വളരെ ഫലപ്രദമാണെന്ന് പറഞ്ഞാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വാക്‌സിന്‍ ഉപയോഗത്തിന് പച്ചക്കൊടി കാട്ടിയത്. ”ഇത് എല്ലാ അമേരിക്കക്കാര്‍ക്കും ആവേശകരമായ വാര്‍ത്തയാണ്, പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ഉത്തേജിപ്പിക്കുന്ന നേട്ടവും,” യുഎസ് പ്രസിഡന്റ് ജോ ബിഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ ജാഗ്രത കൈവിടരുതെന്നും വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ സാമൂഹിക അകലം പോലുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഇപ്പോഴും ഭീഷണിയാണെന്ന് മുന്നറിയിപ്പ് നല്‍കി. യു എസ്സില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിന്‍ ആണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍.
രോഗപ്രതിരോധ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ ഇത് സുപ്രധാന പങ്ക് വഹിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ക്ക് ഡിസംബറില്‍ അനുമതി ലഭിച്ചിരുന്നു.
ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍, ജെ ആന്റ് ജെ വാക്‌സിന്‍ അമേരിക്കയില്‍ 85.9 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ 81.7 ശതമാനവും ബ്രസീലില്‍ 87.6 ശതമാനവും ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. കടുത്ത കോവിഡ് -19 നെതിരെയുള്ള ഫലപ്രാപ്തി 85.4 ശതമാനമായിരുന്നെങ്കിലും രോഗത്തിന്റെ മിതമായ രൂപങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഇത് വാക്‌സിന്റെ ഫലപ്രാപ്തി 66.1 ശതമാനമായി കുറഞ്ഞു.