മുംബൈ: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ പേരുമാറ്റത്തിനൊരുങ്ങുന്നു. മാതൃകമ്പനിയുടെ പേര് സൊമാറ്റോയില്‍ നിന്ന് എറ്റേണല്‍ എന്നാക്കുന്നതിന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. കമ്പനി പേര് മാറുമെങ്കിലും ഭക്ഷണവിതരണത്തിനുള്ള സംവിധാനം സൊമാറ്റോ എന്ന പേരില്‍ തന്നെ തുടരും. കമ്പനി സി.ഇ.ഒ ദീപിന്ദര്‍ ഗോയല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
എറ്റേണല്‍ എന്ന മാതൃകമ്പനിയുടെ കീഴില്‍ നാല് കമ്പനികളാണുള്ളത്. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റ, ക്വിക്ക് കൊമേഴ്സ് കമ്പനി ബ്ലിങ്കിറ്റ്, മൂവീസ്, ഇവന്റ് എന്നിവയ്ക്കായുള്ള ബുക്കിങ് ആപ്പായ ഡിസ്ട്രിക്ട്, ബിസിനസ് ടു ബിസിനസ് ഗ്രോസറി സപ്ലൈ ആയ വെര്‍ട്ടിക്കല്‍ ഹൈപ്പര്‍പ്യുര്‍ എന്നിവയാണത്. കമ്പനിയുടെ കോര്‍പ്പറേറ്റ് വെബ്‌സൈറ്റിലും സൊമാറ്റോയ്ക്ക് പകരം എറ്റേണല്‍ എന്ന പേരാണുണ്ടാവുക.
പേരുമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായാല്‍ ഓഹരി ലിസ്റ്റിങ്ങില്‍ സൊമാറ്റോയുടെ പേര് എറ്റേണല്‍ എന്നാവും കാണിക്കുക. ഡിസംബറില്‍ ബോംബെ ഓഹരി വിപണിയില്‍ സൊമാറ്റോ ലിസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കമ്പനിയുടെ പേരുമാറ്റവും ഉണ്ടാവുന്നത്. കമ്പനി ഈ വര്‍ഷം 17ാം വാര്‍ഷികവും ആഘോഷിക്കുകയാണ്.