ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകി, ചോദ്യം ചെയ്ത യുവതിയുടെ മൂക്ക് ഇടിച്ച് തകര്‍ത്തു; സൊമാറ്റോ ഡെലിവറി ബോയ് അറസ്റ്റില്‍
ബംഗളൂരു: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയത് ചോദ്യം ചെയ്ത യുവതിക്ക് നേരെ സൊമാറ്റോ ഡെലിവറി ബോയിയുടെ ആക്രമണം. മേക്കപ്പ് ആര്‍ടിസ്റ്റും യൂ ട്യൂബറുമായ ഹിതേഷ ചന്ദ്രനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സൊമാറ്റോ ഡെലിവറി ബോയിയുടെ ആക്രമണത്തില്‍ തന്റെ മൂക്കിലെ എല്ലിന് പൊട്ടലേറ്റതായി ഹിതേഷ പറഞ്ഞു.
സംഭവത്തില്‍ ഡെലിവറി ബോയ് ബംഗളൂരു സ്വദേശിയായ കാമരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിനാണ് കാമരാജ് എന്ന ഡെലിവറി ബോയ് ആണ് തന്നെ ആക്രമിച്ചതെന്നും ഹിതേഷ പറയുന്നു. ആക്രമണത്തില്‍ മൂക്കിന് പരിക്കേറ്റ് ചോരയൊലിപ്പിച്ചു കൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
ഇക്കഴിഞ്ഞ മാര്‍ച് ഒമ്പതിന് 3.30 നാണ് ഹിതേഷ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. 4.30 ന് ഭക്ഷണം എത്തുമെന്ന മറുപടിയും ലഭിച്ചു. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഭക്ഷണമെത്തിയില്ല. ഓര്‍ഡര്‍ വൈകിയതിനാല്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടെന്നും ഒന്നുകില്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുമെന്നും ഇല്ലെങ്കില്‍ കാശ് കുറയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതായും ഹിതേഷ പറഞ്ഞു.
ഇതിനിടെയാണ് ഡെലിവറി ബോയി തന്നെ ആക്രമിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ഹിതേഷ പറഞ്ഞു. അതേസമയം, തന്നെ ചെരുപ്പുകൊണ്ട് അടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വാതിലില്‍ തട്ടി യുവതിയുടെ മുഖത്ത് പരിക്കേറ്റതെന്നാണ് ഡെലിവറി ബോയ് പോലീസിന് നല്‍കിയ മൊഴി.