ടോക്കിയോ: പശുവിന്റെ ദേഹത്ത് സീബ്ര ലെയിന്‍ വരച്ചാല്‍ പ്രാണി, പാറ്റ, കൊതുക് തുടങ്ങിയ ജീവികള്‍ കടിക്കുന്നത് കുറയുമെന്നാണ് പുതിയ കണ്ടെത്തല്‍. ജപ്പാനീസ് ശാസ്ത്രകാരന്മാരാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പബ്ലിക്ക് ലൈബ്രറി ഓഫ് സയന്‍സ് ജേര്‍ണലായ പോള്‍സ് വണ്ണില്‍ ഇത് സംബന്ധിച്ചുള്ള പഠന റിപ്പോര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജപ്പാനീസ് ഗവേഷകന്‍ കൊജീമടിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഈ പഠനത്തിനായി ആറ് ജപ്പാനീസ് കറുത്ത പശുക്കളുടെ ദേഹത്ത് സീബ്ര രീതിയില്‍ പെയ്ന്റ് ചെയ്തും, അല്ലാതെയും മൂന്ന് ദിവസം വീതം നിരീക്ഷിച്ചു.
ഒരോ ദിവസത്തിന്‍ ശേഷവും ഹൈ റെസല്യൂഷന്‍ ക്യാമറ വച്ച് പശുവിന്റെ ശരീരം പരിശോധിച്ച് എത്രത്തോളം മറ്റ് പ്രാണികള്‍ പശുവിന്റെ ശരീരത്തെ ആക്രമിച്ചിട്ടുണ്ടെന്ന് ഇവര്‍ രേഖപ്പെടുത്തി. ഇവയില്‍ സീബ്ര ലൈനുകള്‍ വരച്ച പശുക്കാളെക്കാള്‍ കൂടുതല്‍ ലെയിന്‍ വരയ്ക്കാത്ത പശുക്കള്‍ക്ക് പ്രാണികളുടെ ആക്രമണം ഉണ്ടായെന്ന് കണ്ടെത്തി. പെയിന്റ് ചെയ്യാത്ത പശുവിന് നേരിട്ട പ്രാണി ആക്രമണത്തെക്കാള് 50 ശതമാനം കുറവാണ് പെയിന്റ് ചെയ്ത പശുക്കളില്‍ ഏറ്റത് എന്നാണ് പഠനം കണ്ടെത്തിയത്. സീബ്രലെയിനുകള്‍ പ്രാണികളുടെ ഇരയെ കണ്ടെത്താനുള്ള മോഷന്‍ ട്രാക്കിംഗ് സംവിധാനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനം വ്യക്തമാക്കിയത്.