ചങ്ങനാശേരിയില്‍ യുവതിയെ വീഡിയോ കോള്‍ ചെയ്ത ശേഷം യുവാവ് തൂങ്ങി മരിച്ചു
ചങ്ങനാശേരി: ഭാര്യയുമായി പിണങ്ങിക്കഴിയുന്ന യുവാവ് സുഹൃത്തായ യുവതിയെ വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യ ചെയ്തു. ആലപ്പുഴ വണ്ടാനം പുതുവെല്‍ വീട്ടില്‍ ഷംസുദീന്റെ മകന്‍ ബാദുഷയാ(26) ണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ കവിയൂര്‍ റോഡില്‍ പൂച്ചിമുക്കിലുള്ള ലോഡ്ജില്‍ ജീവനൊടുക്കിയത്.
ചൊവ്വാഴ്ച രാത്രി 11 ന് സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ച ശേഷം മുറിയിലെത്തിയ ബാദുഷ, കാമുകിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ വീഡിയോകോള്‍ ചെയ്ത ശേഷം ജീവനൊടുക്കുകയായിരുന്നു. സംഭവം തത്സമയം കണ്ട യുവതി ഇയാള്‍ ജോലിചെയ്യുന്ന ജ്യൂസ് കടയുടെ ഉടമയെ വിവരമറിയിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല.
പുലര്‍ച്ചെ ആറോടെ യുവതിയുടെ മിസ്ഡ് കോള്‍ കണ്ട കടയുടമ തിരിച്ചുവിളിച്ചതോടെയാണ് വിവരമറിഞ്ഞത്. ഉടന്‍ തന്നെ ഇയാള്‍ ബാദുഷയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് ലോഡ്ജിലെത്തി ജനാലയിലൂടെ നോക്കിയപ്പോള്‍ ബാദുഷയെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. കടയുടമ അറിയിച്ചതനുസരിച്ചെത്തിയ പോലീസ് വാതില്‍ പൊളിച്ച് അകത്തുകയറി. ശരീരത്തില്‍ പരുക്കുകള്‍ കണ്ടെത്തിയിട്ടില്ല. ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വിവാഹിതനായ ബാദുഷ, ഭാര്യയുമായി പിരിഞ്ഞു കഴിയുന്നതിനിടെയാണ് ഇപ്പോഴത്തെ കാമുകിയുമായി അടുപ്പത്തിലായതെന്നു പറയപ്പെടുന്നു. ഇയാള്‍ വീഡിയോകോള്‍ ചെയ്തത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ചങ്ങനാശേരി പോലീസ് കേസെടുത്തു.