KeralaNews

30 മണിക്കൂര്‍ പിന്നിട്ടു;മലയിടുക്കിൽ ഒരുതുള്ളി വെള്ളംപോലും ലഭിക്കാതെ ബാബു, പ്രാര്‍ത്ഥനയോടെ നാട്

പാലക്കാട്: മലമ്പുഴ ചേറാട് മലയിടുക്കിൽ കുടുങ്ങിയ യുവാവ് ബാബുവിന് വേണ്ടി പ്രാർഥനയോടെ കേരളം. മലയിൽ അകപ്പെട്ട് മുപ്പത് മണിക്കൂറുകൾ പിന്നിടുമ്പോഴും ഇതുവരെ യുവാവിന് ഭക്ഷണോ ഒരു തുള്ളി വെള്ളമോ എത്തിക്കാനായിട്ടില്ല. കാലിന് പരിക്കേറ്റതിനാലും ഭക്ഷണം കഴിക്കാത്തതിനാലും ആരോഗ്യസ്ഥിതിയെക്കുറിച്ച് കടുത്ത ആശങ്കകളാണുള്ളത്. കഴിഞ്ഞ രാത്രിയിലെ കടുത്ത തണുപ്പും പകൽനേരത്തെ ചുട്ടുപൊള്ളുന്ന വെയിലും വിശപ്പും ക്ഷീണവും ബാബുവിനെ തളർത്തിയിട്ടുണ്ടാവുമെന്നുറപ്പാണ്. ഈ ഒരു രാത്രി കൂടി അതിജീവിക്കാൻ ബാബുവിനെ സാധിക്കണേയെന്നാണ് രക്ഷാപ്രവർത്തകരും കുടുംബവും കൂട്ടുകാരും ഒരുപോലെ പ്രാർഥിക്കുന്നത്.

രക്ഷാപ്രവർത്തനം ശക്തിപ്പെടുത്താനായി ബെംഗളൂരുവിൽ നിന്നുള്ള സൈനിക സംഘവും വെല്ലിങ്ടണിൽ നിന്നുള്ള സംഘവും പാലക്കാടേക്ക് തിരിച്ചിട്ടുണ്ട്. എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പെടെയുള്ള സംഘമാണ് ബെംഗളൂരുവിൽ നിന്ന് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്.

മതിയായ സുരക്ഷാമുൻകരുതൽ സ്വീകരിക്കാതെ മകൻ സാഹസിക യാത്ര നടത്തിയത് തെറ്റായിപ്പോയെങ്കിലും മകന് വേണ്ടി പ്രാർഥിക്കണമെന്ന് ബാബുവിന്റെ മാതാവ് പ്രതികരിച്ചു. രക്ഷാപ്രവർത്തകർ ആത്ഥാർഥമായി പ്രവർത്തിക്കുന്നുണ്ട്. അവനെ രക്ഷപ്പെടുത്താൻ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മകന് വേണ്ടി പ്രാർഥിക്കണം. മകന് വേണ്ടിയും രക്ഷാപ്രവർത്തകർക്ക് വേണ്ടിയും പ്രാർഥിക്കുന്നുവെന്നും മാതാവ് പറഞ്ഞു.

മുപ്പത് മണിക്കൂറോളം നീണ്ട് രക്ഷാപ്രവർത്തനം ഫലവത്തായില്ല. വൈകുന്നേരത്തോടെ ചെറുപ്പക്കാരനെ രക്ഷപ്പെടുത്താനാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. രക്ഷപ്പെടുത്താനായില്ലെങ്കിലും യുവാവിന് ആവശ്യത്തിന് വെള്ളവും ഭക്ഷണവും എത്തിക്കാൻ സാധിക്കുമെന്നെങ്കിലും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ദൗർഭാഗ്യമെന്നോണം അതും നടന്നില്ല.

നിരാശജനകമായ വൈകുന്നേരമാണ് ഇന്നത്തേത്. ഇന്ന് രാത്രി കൂടി ബാബുവിന് അതിജീവിക്കാൻ കഴിയണേ എന്നാണ് പ്രാർഥിക്കുന്നത്. മുപ്പത് മണിക്കൂറോളം പിന്നിടുമ്പോഴും യുവാവിന് വെള്ളം എത്തിക്കാനാവുന്നില്ലെന്നത് നമ്മുടെ സംവിധാനങ്ങളെ സംബന്ധിച്ചും ആശങ്ക നിറഞ്ഞ ചോദ്യങ്ങളുയർത്തുകയാണെന്നും ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു.

രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ച സമയം ബാബു ശബ്ദമുയർത്തി പ്രതികരിച്ചിരുന്നു. എന്നാൽ രക്ഷാദൗത്യം ഫലം കാണാതെ ഉച്ചയോടെ സംഘം തിരിച്ചിറങ്ങിയപ്പോൾ ബാബു പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ശബ്ദം കുറഞ്ഞു. മണിക്കൂറുകളായി ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവശതയിലായിരിക്കും അവൻ. ഭക്ഷണവും വെള്ളവും എത്തിക്കാൻ പറ്റിയ അവസ്ഥയിലല്ല ബാബു നിൽക്കുന്ന സ്ഥലമുള്ളത്. മുകളിൽ നിന്ന് എറിഞ്ഞുകൊടുക്കാനുള്ള സാധ്യത നോക്കിയിരുന്നെങ്കിലും ബാബു നിൽക്കുന്നത് മലയിടുക്കിലായതിനാൽ അത് കൈക്കലാക്കാൻ പറ്റില്ല.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് സംഭവം നടന്നത്. രണ്ടര മണിയോടെയാണ് നാട്ടുകാരെല്ലാം അറിഞ്ഞത്. ബാബു തന്നെയാണ് ഫയർഫോഴ്സിനെ വിളിച്ചറിയിച്ചത്. പ്രദേശവാസികളും ഫയർഫോഴ്സും ചേർന്നാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരെ ഏഴ് മണി വരെ ബാബുവിന്റെ ഫോണിൽ നിന്ന് മെസേജ് ലഭിച്ചിരുന്നു. പിന്നീട് ഫോൺ ഓഫായി.

ചൊവ്വാഴ്ച രാവിലെ മുതൽ മലയുടെ മുകളിൽ 21 അംഗ എൻഡിആർഎഫ് സംഘം ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ നടന്നോ വടം കെട്ടിയോ പോകാൻ പറ്റിയ സ്ഥലത്തല്ല ബാബു കുടുങ്ങിയിരിക്കുന്നത്. ട്രെക്കിങിന് വനംവകുപ്പിന്റെ അനുമതി ഇല്ലാത്ത സ്ഥലം. കാട്ടാന ശല്യം തടയാനായി സ്ഥാപിച്ച ഫെൻസിങ് മറികടന്നാണ് ബാബുവും സംഘവും ട്രെക്കിങ് നടത്തിയത്. നടന്നുപോവാൻ പോലും പറ്റാത്ത സ്ഥലത്ത് ബാബു എങ്ങനെയാണ് എത്തിപ്പെട്ടത് എന്നറിയില്ല.

രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ എത്തിയത് വരെ ബാബു പ്രതികരിക്കുന്നുണ്ടായിരുന്നു. അതിന് ശേഷം പ്രതികരണം ലഭിച്ചിട്ടില്ല.

സാങ്കേതിക സംവിധാനങ്ങളും സൗകര്യങ്ങളും ഇത്രയധികം ഉണ്ടായിട്ടും രക്ഷാപ്രവർത്തനത്തിന് അത് പ്രയോജനപ്പെടുത്തതെന്തുകൊണ്ടെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ചെറിയ ഡ്രോൺ ഉപയോഗിച്ച് ബാബു നിൽക്കുന്ന സ്ഥലവും മറ്റും ട്രേസ് ചെയ്യാൻ സാധിച്ചിരുന്നു. അൽപം കൂടി വലിപ്പമുള്ള, ഭാരം താങ്ങാൻ കഴിയുന്ന ഡ്രോൺ ഉപയോഗിച്ച് വെള്ളമോ ഭക്ഷണോ എത്തിക്കുന്നതിനെ കുറിച്ച് അധികൃതരും രക്ഷാപ്രവർത്തകരും ആലോചിച്ചില്ലേ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ഹെലികോപ്ടർ എത്തിക്കുന്നതിന് കുറിച്ച് അധികൃതർ ആലോചിച്ചത് പോലും ഇന്നുച്ചയ്ക്ക് ശേഷമാണെന്നാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പ്രദേശവാസികൾ ഉൾപ്പെടെ ആരോപിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker