കൊച്ചി: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലീസ് ജീപ്പിന്റെ ചില്ല് ഇടിച്ചു തകര്‍ത്തു. എന്‍.ഐ.എ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുത്ത് വാഹനത്തില്‍ കയറ്റിയപ്പോഴാണ് സംഭവം.
സ്വര്‍ണക്കടത്ത് കേസില്‍ ജലീലിന്റെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്‍ഐഎ ഓഫീസിന് മുന്നില്‍ എത്തിയത്. ഇവിടെ എത്തിയ പ്രവര്‍ത്തകര്‍ പോലീസിനോട് തട്ടിക്കയറിയിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് പോലീസ് ജീപ്പില്‍ കയറ്റി. ഇതിനിടെയാണ് പ്രവര്‍ത്തകന്‍ ജീപ്പിന്റെ വിന്‍ഡ് ഷീല്‍ഡ് കൈമുട്ടുകൊണ്ട് ഇടിച്ചു തകര്‍ത്തത്. പോലീസിന് നേരെ ഇയാള്‍ കയര്‍ക്കുകയും ചെയ്തു. എന്‍ഐഎ ഓഫീസിന് പുറത്ത് വന്‍ പോലീസ് സന്നാഹം അണിനിരന്നിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത്. മുന്‍ എംഎല്‍എ എ എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്. നേരത്തേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.