തിരുവനന്തപുരം: സര്‍ക്കാരിനെതിരെ യു.ഡി.എഫ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തില്‍ വലയുകയാണ് തിരുവനന്തപുരം നിവാസികള്‍. സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന യു.ഡി.എഫ് ഉപരോധത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലും പരിസര പ്രദേശങ്ങളിലും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഉപരോധത്തെ തുടര്‍ന്ന് മിക്ക റോഡുകളും പോലീസ് അടച്ചതാണ് ഗതാഗതക്കുരുക്ക് മുറുകാന്‍ കാരണം.
ഇതിനിടെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യുക്കാരെ ലക്ഷ്യം വെച്ച് നോട്ടീസ് ഇറക്കിയിരിക്കുകയാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് ഓണേഴ്‌സ് അസോസിയേഷന്‍. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമരത്തിന്റെ പശ്ചാത്തലത്തിലാണ് യൂത്തന്മാര്‍ക്കെതിരെ അസോസിയേഷന്‍ നോട്ടീസ് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ സെക്രട്ടറിയേറ്റ് സമരത്തിനിടെ പ്രസ്‌ക്ലബിനടുത്തുള്ള ക്യാന്റീനില്‍ കയറി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ‘അഴിഞ്ഞാടി’യപ്പോള്‍ പാവം ക്യാന്റീന്‍ നടത്തിപ്പ് കാരന് ആയിരങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
120 മോദകം, 20 ഉഴുന്നുവട, 40 ചായ എന്നിവയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ഓസിന് കടയില്‍ നിന്നും അകത്താക്കിയത്. കഴിച്ച ഭക്ഷണത്തിനു പൈസ ചോദിച്ച നടത്തിപ്പുകാരനോട് അത് ‘അണ്ണന്‍ തരും’ എന്നാണ് ഇവര്‍ പറഞ്ഞത്. ഇനിയും ക്യാന്റീന്‍ തുറന്നു വച്ചാല്‍ കൂടുതല്‍ സാധനങ്ങള്‍ കൈമോശം വരും എന്ന് മനസിലാക്കിയ നടത്തിപ്പുകാരന്‍ കടയ്ക് ഷട്ടറിടുകയായിരിന്നു. ഈ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഹാട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് ഓണേഴ്‌സ് അസോസിയേഷന്‍ ‘ഇന്നത്തെ ദിവസം കടമായി ഭക്ഷണം നല്‍കുന്നതല്ല’ എന്ന നോട്ടീസ് അടിച്ചിറക്കിയത്.
ഇന്ന് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ഉപരോധം നടക്കുന്നതിനാലും പ്രസ്തുത പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളതിനാലും തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍, ക്യാന്റീനുകള്‍, ചായക്കടകള്‍ എന്നിവിടങ്ങളില്‍ ഇന്നത്തെ ദിവസം കടമായി ഭക്ഷണം നല്‍കുന്നതല്ല. മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണം എന്നാണ് നോട്ടീസിലെ ഉള്ളടക്കം.