വൈറ്റിലയില്‍ തട്ടുകടക്കാരന് നേരെ തോക്ക് ചൂണ്ടി ദോശ അകത്താക്കി യുവാവ്! പിന്നീട് സംഭവിച്ചത്
വൈറ്റില: ദോശ നല്‍കാന്‍ താമസിച്ച തട്ടുകടക്കാരന് നേരെ തോക്കു ചൂണ്ടി യുവാവ്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ വൈറ്റില ഹബ്ബിന് സമീപത്തെ തട്ടുകടയിലാണ് സംഭവം. യുവാവിനെ മരട് പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, മദ്യലഹരിയില്‍ കടയിലെത്തിയ യുവാവ് ദോശ ചോദിച്ചു. എന്നാല്‍, യുവാവിന് മുമ്പ് ഭക്ഷണം ആവശ്യപ്പെട്ട ആള്‍ക്ക് കൊടുത്തശേഷം തരാമെന്ന് കടയിലെ ജീവനക്കാരന്‍ പറഞ്ഞു. ഇതിഷ്ടപ്പെടാഞ്ഞ യുവാവ് ജീന്‍സിന്റെ പോക്കറ്റില്‍നിന്ന് തോക്കെടുത്ത് ചൂണ്ടി തനിക്ക് ആദ്യം ദോശ തരാന്‍ ആവശ്യപ്പെട്ടു.
ഭയന്നുവിറച്ച ജീവനക്കാരന്‍, യുവാവിന് ആദ്യം ദോശ നല്‍കി. ദോശ കഴിച്ചശേഷം കൈകഴുകി മടങ്ങാന്‍ ശ്രമിക്കവെ, ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടപ്പോള്‍ യുവാവ് വീണ്ടും തോക്കെടുത്ത് കടക്കാരന്റെ തലയില്‍വെച്ചു. ഇത് കണ്ട ഓട്ടോറിക്ഷ തൊഴിലാളികളും മറ്റും ചേര്‍ന്ന് യുവാവിനെ പിടികൂടി. മല്‍പ്പിടിത്തത്തിലൂടെ തോക്ക് പിടിച്ചുവാങ്ങിയശേഷം, നാലുപേര്‍ ചേര്‍ന്ന് യുവാവിനെ പിടിച്ചുനിര്‍ത്തി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് ഇടുക്കി സ്വദേശിയാണെന്നും യുവാവിന്റെ കൈവശമുണ്ടായിരുന്നത് കളിത്തോക്കായിരുന്നെന്നും കേസ് ചാര്‍ജുചെയ്ത ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചതായും മരട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ്കുമാര്‍ വ്യക്തമാക്കി.