ഓണാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു
കൊല്ലം: ഓച്ചിറയില്‍ ഓണാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം പരിഹരിക്കാന്‍ എത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സുജിത്(35)ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. ഓച്ചിറ കഴുവേലി മൂക്കിന് സമീപത്ത് ചിലര്‍ രാത്രിയില്‍ പടക്കം പൊട്ടിച്ചു. ഇത് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടായതോടെ വാക്കുതര്‍ക്കമുണ്ടായി. ഇത് പരിഹരിക്കാനാണ് സുജിത് എത്തിയത്.
ഇതിനിടയില്‍ ഒരാള്‍ സുജിത്തിന്റെ നെഞ്ചില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കണ്ടാല്‍ അറിയാവുന്നവര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളി കുലശേഖരപുരം ലാലി ഭവനത്തില്‍ ഉത്തമന്‍,സുശീല ഭവതികളുടെ മകനാണു സുജിത്ത്. മൃതദേഹം കൊല്ലം ജില്ലാ ഹോസ്പിറ്റലില്‍ പോസ്റ്റുമാര്‍ട്ടത്തിനു ശേഷം വൈകിട്ട് വീട്ടുവളപ്പില്‍ അടക്കം ചെയ്യും. ചിത്രയാണ് ഭാര്യ, മക്കള്‍ അനഖ (10), വൈഗ (2).