ആശുപത്രിയുടെ മൂന്നാം നിലയില്‍ കയറി മദ്യാപാനിയുടെ ആത്മഹത്യാ ശ്രമം; കാഴ്ചക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ യുവാവിനെ ഒടുവില്‍ കയറിട്ടു കെട്ടി താഴെയിറക്കി
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയുടെ മൂന്നാം നിലയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ മദ്യപാനിയെ അഗ്നിരക്ഷാ സേനയും നാട്ടുകാരും കയറിട്ടു കെട്ടി താഴെ ഇറക്കി. ആശുപത്രിയുടെ തൊട്ടരികിലുളള ബാറില്‍ കയറിയാണ് ഇയാള്‍ മദ്യപിച്ചത്. ഇവിടെ ബഹളം ഉണ്ടാക്കുകയും അടിപിടിക്കിടെ ഇയാള്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇയാളെ ആംബുലന്‍സില്‍ കയറ്റി കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്നു. പ്രാഥമിക ചികിത്സയ്ക്കിടെ, ഇറങ്ങിയോടിയ ഇയാള്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.
തനിക്ക് നീതി കിട്ടണം, അല്ലെങ്കില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ബാറില്‍ തന്നെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി വേണമെന്നതായിരുന്നു ഇയാളുടെ ആവശ്യം. അതിനിടെ ഇവിടെ ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്സും ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് തന്ത്രപൂര്‍വ്വം നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ആശുപത്രിയില്‍ ഏറെ നേരം പ്രശ്നമുണ്ടായിട്ടും പോലീസ് എത്താഞ്ഞതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.