37 വര്‍ഷത്തിനിടെ പാമ്പു കടിയേറ്റത് 37 തവണ! ചികിത്സിച്ച് പാപ്പരായി; സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് യുവാവ്
ഹൈദരാബാദ്: 37 വര്‍ഷത്തിനിടെ പാമ്പു കടിയേറ്റത് 37 തവണ. അതായത് വര്‍ഷത്തില്‍ ഒരു തവണ വീതം പാമ്പു കടിയേറ്റു എന്നു സാരം. ആന്ധ്രയില്‍ നിന്നുള്ള സുബ്രഹ്മണ്യത്തിനാണ് ഈ ദുരനുഭവം. പാമ്പു കടിയെ തുടര്‍ന്നുള്ള ചികിത്സയ്ക്കായി വര്‍ഷംതോറും പതിനായിരം രൂപയാണ് ചെലവഴിക്കുന്നത്. പണം ചെലവഴിച്ച് നിര്‍ധനനായി തീര്‍ന്ന സുബ്രഹ്മണ്യത്തിന്റെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നാണ് കുടുംബത്തിന്റെ ഇപ്പോഴത്തെ ആവശ്യം.
ചിറ്റൂര്‍ സ്വദേശിയായ ഈ 42കാരന് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി പാമ്പു കടിയേറ്റത്. അതിന് ശേഷം തനിക്ക് മുടങ്ങാതെ എല്ലാവര്‍ഷവും പാമ്പു കടിയേറ്റതായി സുബ്രഹ്മണ്യം ഓര്‍ക്കുന്നു. ഇതില്‍ മൂര്‍ഖന്റെ കടിയും ഉള്‍പ്പെടും. മൂര്‍ഖന്‍ പാമ്പുകള്‍ വലതു കയ്യിലും വലതു കാലിലുമാണ് കടിച്ചത്. പാമ്പു കടിയേറ്റാല്‍ പത്തുദിവസത്തോളമാണ് വിശ്രമത്തിനായി മാറ്റിവെയ്ക്കുന്നത്. ഓരോ പ്രാവശ്യം പാമ്പു കടിയേല്‍ക്കുമ്‌ബോള്‍ ചികിത്സയ്ക്കായി 10000 രൂപയാണ് വേണ്ടി വരുന്നതെന്നും സുബ്രഹ്മണ്യം പറയുന്നു.
ചികിത്സയ്ക്കായി വര്‍ഷംതോറും വലിയ തോതില്‍ പണം ചെലവഴിച്ച് തന്റെ ജീവിതം കൂലിപ്പണിക്കാരനെ പോലെയായെന്ന് അദ്ദേഹം പറയുന്നു. നിലവില്‍ പാമ്പു കടിയേറ്റ് ചികിത്സയിലാണ് സുബ്രഹ്മണ്യം.