ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ
കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു വധശിക്ഷ. സന്തോഷ് കുമാര്‍ എന്ന പ്രതിക്കാണു കോയമ്പത്തൂരിലെ പ്രത്യേക പോക്‌സോ കോടതി ഒമ്പതു മാസംകൊണ്ടു വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തില്‍ രണ്ടാമതൊരാള്‍ക്കു കൂടി പങ്കുണ്ടെന്നതിനു ഫൊറന്‍സിക് റിപ്പോര്‍ട്ട് അടക്കം തെളിവുണ്ടെന്നു കണ്ടെത്തിയതിനാല്‍ കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പോക്‌സോ കോടതി ഉത്തരവിട്ടു. ഈ ആവശ്യം ഉന്നയിച്ച് കുട്ടിയുടെ മാതാവ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായിരുന്ന സന്തോഷ് കുമാര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ശ്വാസം മുട്ടിച്ചു കൊന്ന് ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. രണ്ടു ദിവസത്തിനുശേഷമാണു മൃതദേഹം കണ്ടെത്തിയത്. സന്തോഷിന്റെ തന്നെ ടീ ഷര്‍ട്ടില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.