തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വീണ്ടും അറസ്റ്റില്‍
തൃശൂര്‍: തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. ആമ്പല്ലൂര്‍ വെണ്ടോര്‍ സ്വദേശി തച്ചങ്കുളം ജിജു (45) ആണ് പീഡനക്കേസില്‍ രണ്ടാമതും അറസ്റ്റിലായത്. സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടികളെ ബീച്ച് കാണിക്കാമെന്ന് പറഞ്ഞു കൂട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഒരു വര്‍ഷം മുമ്പാണ് ജിജു അറസ്റ്റിലായത്. 50 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ പ്രതി ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്. ഈ സംഭവത്തിലെ പെണ്‍കുട്ടിയെ പ്രതി വീണ്ടും പീഡിപ്പിച്ചുവെന്നാണ് കേസ്.
പെണ്‍കുട്ടിയെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമായിരുന്നു പ്രതിയുടേതെന്ന് പോലീസ് പറയുന്നു. ഓട്ടോറിക്ഷയോടിക്കുന്ന പ്രതി പരീക്ഷ കഴിഞ്ഞ് വീട്ടില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. അടുത്ത സ്റ്റോപ്പില്‍ കൂട്ടുകാരിയെ ഇറക്കിവിട്ട പ്രതി വെണ്ടോരിലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയോട് കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു.
കേസ് വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകരുതെന്നും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് വീട്ടുകാരെ ഭീഷണിപ്പെടുത്തണമെന്നും ഇയാള്‍ കുട്ടിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കുട്ടിയെ ഓട്ടോറിക്ഷയില്‍ വെച്ചുതന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരിന്നുവെന്നും പോലീസ് പറയുന്നു.