നേരം വെളുത്തപ്പോള്‍ നാട്ടിലെ കുട്ടികളെല്ലാം കറങ്ങുന്നത് പുതിയ സൈക്കിളില്‍! രഹസ്യം പുറത്ത് വന്നതോടെ അമ്പരന്ന് നാട്ടുകാര്‍; സംഭവം ചങ്ങനാശേരിലെ പായിപ്പാട്
കോട്ടയം: ചങ്ങനാശേരി പായിപ്പാട് ഭാഗത്തെ 12 നും 16നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ ദിവസവും പുതിയ പുതിയ സൈക്കിളുകളില്‍ സഞ്ചരിക്കുന്നത് കണ്ട നാട്ടുകാര്‍ക്ക് ആദ്യം അത്ഭുതമായിരിന്നു. എവിടെത്തിരിഞ്ഞാലും റോഡില്‍ പുതുപുത്തന്‍ സൈക്കിളുകള്‍ മാത്രമായിരിന്നു കാഴ്ച. ആകാഷയ്ക്ക് വിരാമമിട്ട് സൈക്കിള്‍ ഭ്രമത്തിനു പിന്നിലെ രഹസ്യം പോലീസ് കണ്ടെത്തിയതോടെ നാട്ടുകാരും ആകെ അമ്പരന്നു.
ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതര്‍ സീല്‍ ചെയ്ത സൈക്കിള്‍ ഗോഡൗണില്‍ നിന്ന് 19കാരന്റെ നേതൃത്വത്തില്‍ മോഷ്ടിച്ച 38 സൈക്കിളുകളിലാണ് കുട്ടിക്കൂട്ടം കറങ്ങിയിരുന്നത്. മോഷണവുമായി ബന്ധപ്പെട്ട് വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ രാഹുലിനെ (19)തൃക്കൊടിത്താനം സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പരിചയക്കാരായ കുട്ടികള്‍ക്ക് ഇയാള്‍ സൈക്കിളുകള്‍ ഗോഡൗണില്‍ നിന്ന് എടുത്തു നല്‍കുകയായിരുന്നു.
പുതിയ സൈക്കിളില്‍ കറങ്ങിയ കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് രാഹുലിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മോഷണം പോയ 38 സൈക്കിളില്‍ ഏഴ് എണ്ണം കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ളത് വിറ്റിട്ടുണ്ടാകുമെന്നാണ് സംശയം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആകെ രണ്ടര ലക്ഷം രൂപ വിലയുള്ള സൈക്കിളുകളാണ് നഷ്ടമായിരിക്കുന്നത്.