ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തയാളുടെ മൂക്ക് ഇടിച്ച് തകര്‍ത്തു! യുവാവിന്റെ വീഡിയോ പച്ചക്കള്ളം; സത്യാവസ്ഥ ഇതാണ്
കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയാണ് ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത മധ്യവയസ്‌കനെ താന്‍ കൈകാര്യം ചെയ്തുവെന്ന യുവാവിന്റെ വീഡിയോ. ഇപ്പോഴിത വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്. പ്രശസ്തിക്ക് വേണ്ടി യുവാവ് തന്നെ കെട്ടിച്ചമച്ചതാണ് വീഡിയോയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കെട്ടിച്ചമച്ച സംഭവം വിവരിച്ച് കൊണ്ടുള്ള സെല്‍ഫി വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് യുവാവിനെ റെയില്‍വേ പോലീസിന്റെ സഹായത്തോടെ സെന്‍ട്രല്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തു.
എറണാകുളത്ത് ഏവിയേഷന് പഠിക്കുന്ന ചാലക്കുടി സ്വദേശി അലന്‍ തോമസ്(20) ആണ് പിടിയിലായത്. എറണാകുളം നോര്‍ത്ത്-സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ വച്ച് ട്രെയിനില്‍ അപമാനിച്ച മധ്യവയസ്‌കനെ കൈകാര്യം ചെയ്ത തന്നെ പോലീസ് കേസില്‍ കുടുക്കുമെന്നായിരുന്നു ഇയാളുടെ വീഡിയോ സന്ദേശം. പെണ്‍കുട്ടിയെ ശല്യം ചെയ്ത മധ്യവയസ്‌കന്റെ മൂക്ക് ഞാന്‍ ഇടിച്ചു തകര്‍ത്തു. സിഗ്നല്‍ കിട്ടാന്‍ തീവണ്ടി നിര്‍ത്തിയിട്ടതിനാല്‍ പെണ്‍കുട്ടി പേടിച്ച് ഇറങ്ങിപ്പോയി.
മധ്യവയസ്‌കനെ റെയില്‍വേ പോലീസില്‍ ഏല്‍പ്പിച്ചപ്പോഴാണ് തനിക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് പറഞ്ഞത്. സത്യാവസ്ഥ തെളിയിക്കാന്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടിക്കെ കഴിയൂവെന്നും അതുകൊണ്ട് ആ പെണ്‍കുട്ടി അറിയുന്നതുവരെ ഈ വിഡിയോ ഷെയര്‍ ചെയ്യണമെന്നും ഇയാള്‍ വീഡിയോയില്‍ ആവശ്യപ്പെട്ടു. സംഭവം വൈറലായതിനു പിന്നാലെയാണ് റെയില്‍വേ പോലീസിന്റെ സഹായത്തോടെ കേസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ ട്രെയിനില്‍ അത്തരമൊരു സംഭവം നടന്നിട്ടേയില്ലെന്ന് കണ്ടെത്തി. വ്യാജ പ്രചരണം നടത്തിയതിനെ യുവാവിനെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. സമൂഹമാധ്യമങ്ങളില്‍ വൈറലാവാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. റെയില്‍വേ പോലീസ് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്‌തെങ്കിലും താക്കീത് നല്‍കി വിട്ടയച്ചു.