ഭോപ്പാൽ:മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ ഉമാങ് സിങ്കാറിന്റെ ബംഗ്ലാവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.എം.എൽ.എ.യുടെ സുഹൃത്തും അംബാല സ്വദേശിയുമായ 38-കാരിയെയാണ് അദ്ദേഹത്തിന്റെ ഭോപ്പാൽ ഷാഹ്പുരയിലെ ബംഗ്ലാവിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
സിങ്കാറിന്റെ ജീവിതത്തിൽ ഒരിടം കണ്ടെത്താൻ താൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ അത് സംഭവിച്ചില്ലെന്നുമാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. അതിനാൽ താൻ സ്വയം മരിക്കുകയാണെന്നും ആർക്കും ഇതിൽ പങ്കില്ലെന്നും കുറിപ്പിലുണ്ടായിരുന്നു. അതേസമയം, ഇത് ഏറെ ഹൃദയഭേദകമായ സംഭവമായെന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം.
‘കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ മണ്ഡലത്തിൽ ഇല്ല. അവൾ എന്റെ നല്ല സുഹൃത്തായിരുന്നു. അവൾ മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി പോലീസാണ് പറഞ്ഞത്. ഇക്കാര്യം ഞാൻ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ അവൾക്ക് ചികിത്സ ഉറപ്പുവരുത്തുമായിരുന്നു’- ഉമാങ് സിങ്കാർ പറഞ്ഞു.
അംബാല സ്വദേശിയായ യുവതി കഴിഞ്ഞ ഒരു വർഷമായി സിങ്കാറിന്റെ വീട്ടിൽ വരാറുണ്ടെന്ന് പോലീസും അറിയിച്ചു. കഴിഞ്ഞ 30 ദിവസമായി യുവതി സിങ്കാറിന്റെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. രണ്ട് ദിവസമായി സിങ്കാറും ഭോപ്പാലിൽ ഉണ്ടായിരുന്നില്ല. ബംഗ്ലാവിലെ ജോലിക്കാരനും അദ്ദേഹത്തിന്റെ ഭാര്യയും സിങ്കാറിന്റെ ബന്ധുവുമാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത്.
ഞായറാഴ്ച രാവിലെ ജോലിക്കാരന്റെ ഭാര്യ യുവതിയുടെ മുറിയിലെ വാതിലിൽ തട്ടിവിളിച്ചു. പ്രതികരണമില്ലാതായതോടെ ഇവർ ഭർത്താവിനെ വിവരമറിയിച്ചു. ഇരുവരും ഇക്കാര്യം സിങ്കാറിനെയും വിളിച്ചുപറഞ്ഞു. തുടർന്ന് എം.എൽ.എയുടെ ഒരു ബന്ധു ബംഗ്ലാവിലെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് അഡീഷണൽ എസ്.പി. രാജേഷ് സിങ് ബദോറിയ മാധ്യമങ്ങളോട് പറഞ്ഞു.
മധ്യപ്രദേശിലെ ഗന്ധ്വാനി മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എയാണ് ഉമാങ് സിങ്കാർ. എ.ഐ.സി.സി. ദേശീയ സെക്രട്ടറിയുമാണ്. 2019-20 കാലയളവിൽ സംസ്ഥാന വനംവകുപ്പ് മന്ത്രിയുമായിരുന്നു.