ബംഗളൂരു: നാലാം തവണയും സത്യപ്രതിജ്ഞ ചെയ്തെങ്കിലും മുഖ്യമന്ത്രി കസേരയില്‍ ഉറച്ചിരിക്കാനാകാതെ വന്നതോടെ പേരുമാറ്റി ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങി കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. സംഖ്യാശാസ്ത്രപ്രകാരമാണ് ബൂക്കനക്കരെ സിദ്ധലിംഗപ്പ യെദ്യൂരപ്പ എന്ന 76-കാരനായ യെദ്യൂരപ്പ വീണ്ടും പേരില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
2007-ല്‍ സത്യപ്രതിജ്ഞാ വേളയില്‍ ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം yeddyurappa എന്നാക്കിയിരുന്നു. ഇപ്പോള്‍ yediyurappa എന്നാക്കിയാണ് പേര് പരിഷ്‌കരിച്ചിരിക്കുന്നത്. 2007-ല്‍ ആദ്യമായി മുഖ്യമന്ത്രിയായത് മുതല്‍ ഭൂരിപക്ഷമില്ലാതെയാണ് നാലുതവണയും യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത്. 2018 മേയ് 17-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ട് ദിവസത്തിനകം രാജിവെക്കേണ്ടി വന്നു. ഇത്തവണ സഖ്യസര്‍ക്കാരിനെ വലിച്ചിട്ട് അധികാരത്തിലെത്തിയ യെദ്യൂരപ്പയ്ക്ക് എത്രകാലം ഭരിക്കാനാകുമെന്ന് യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് തന്നെ ജ്യോതിഷിയുടെ വാക്ക് വിശ്വസിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.