നിയോകോവ്: പുതിയ വൈറസ് മാരകമെന്ന് വുഹാന്‍ ഗവേഷകര്‍; വ്യാജ പ്രചാരണമെന്ന് മറ്റുഗവേഷകര്‍
ബെയ്ജിങ്: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പുതിയ തരം വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷകർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ‘നിയോകോവ്’ (NeoCoV) എന്ന പുതിയതരം വൈറസ് അതിമാരകമാണെന്ന് ഗവേഷകർ അവകാശപ്പെടുന്നു. അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക്ക് റിപ്പോർട്ട് ചെയ്തു.
അതേസമയം വുഹാൻ ഗവേഷകരുടേത് വ്യാജ പ്രചാരണമാണെന്ന് ചൂണ്ടക്കാട്ടി മറ്റു ഗവേഷകരും രംഗത്തെത്തിയിട്ടുണ്ട്. വവ്വാലുകളിൽനിന്ന് നിയോകോവ് വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള യാതൊരു സാധ്യതയും നിലവില്ലെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ലബോറട്ടറി പരീക്ഷണങ്ങളിൽ ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗവേഷകർ പറയുന്നു.
2012-ലും 2015ലും മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മെർസ് കോവ് (MERSCoV) വൈറസുമായി ഇതിന് ബന്ധമുണ്ടെന്നാണ് വുഹാൻ ഗവേഷകരുടെ വാദം. സാർസ് കോവ്-2 (SARSCoV2) വിനു സമാനമായി മനുഷ്യരിൽ കൊറോണ വൈറസ് ബാധയ്ക്കു ഇതു കാരണമാകുമെന്നും അവർ പറയുന്നുവെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
നിലവിൽ ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. പുതിയ പഠനങ്ങൾ പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180കോവും മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വുഹാൻ ഗവേഷകർ പറയുന്നത്.
മനുഷ്യ കോശങ്ങളിലേക്ക് നുഴഞ്ഞുകയറാൻ വൈറസിന് ഒരൊറ്റ രൂപാന്തരം മാത്രമേ ആവശ്യമുള്ളു എന്ന് വുഹാൻ യൂണിവേഴ്സിറ്റിയിലേയും ചൈനീസ് അക്കാദമി ഓഫ് സയൻസിലേയും ഗവേഷകരുടെ റിപ്പോർട്ടിൽ പറയുന്നു. ഈ വൈറസ് മനുഷ്യരെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് സംബന്ധിച്ച് പഠനം ആവശ്യമാണെന്ന് റഷ്യൻ വൈറോളജി ആന്റ് ബയോടെക്നോളജി റിസർച്ച് സെന്റർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.