വൈറ്റിലയില്‍ കറി വയ്ക്കാന്‍ മീന്‍ വൃത്തിയാക്കുന്നതിനിടെ തൊലിക്കുള്ളില്‍ കണ്ട കാഴ്ച കണ്ട് വീട്ടമ്മ ഞെട്ടി
കൊച്ചി: കറി വയ്ക്കാന്‍ വാങ്ങിയ മീന്‍ വെട്ടിയപ്പോള്‍ മീനിന്റെ തൊലിക്കടിയില്‍ നിന്ന് ജീവനുള്ള നൂറോളംപുഴുക്കളെ കണ്ട് വീട്ടമ്മ ഞെട്ടി. വൈറ്റില കൊച്ചുവീട്ടില്‍ അഗസ്റ്റിന്റെ വീട്ടില്‍ വാങ്ങിയ മീനിലാണ് പുഴുക്കളെ കണ്ടെത്തിയത്. രണ്ടിഞ്ച് നീളത്തിലുള്ള പുഴുക്കളെയാണ് കണ്ടെത്തിയത്.
പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ വീട്ടുകാര്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ബൈജു തോട്ടോളിയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അദ്ദേഹം കോപ്പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറെ വിവരമറിയിച്ചെങ്കിലും അവധി ദിവസമായതിനാല്‍ അധികൃതര്‍ സ്ഥലത്തെത്തിയില്ല. ഇവര്‍ എത്തുന്നത് വരെ മീന്‍ സൂക്ഷിച്ചുവയ്ക്കുമെന്ന് അഗസ്റ്റിന്‍ വ്യക്തമാക്കി.
തോപ്പുംപടി ഹാര്‍ബറില്‍ നിന്നാണ് മീന്‍ വന്നതെന്നാണ് സൂചന. അഗസ്റ്റിന്റെ വീടിന്റെ സമീപത്ത് കൂടി ഇരുചക്ര വാഹനത്തില്‍ മത്സ്യ കച്ചവടം നടത്തുന്ന വ്യക്തിയില്‍ നിന്നാണ് മീന്‍ വാങ്ങിയത്.