നിയോകോവ് വൈറസ് മാരകമോ? ലോകാരോഗ്യ സംഘടനയുടെ വിശദീകരണം
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ (NeoCoV) എന്ന പുതിയ തരം കൊറോണ വൈറസിനെ കുറിച്ചാണ് ഇപ്പോഴുള്ള ചര്‍ച്ചകള്‍.
അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ പറയുന്നത്. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് വാര്‍ത്ത പുറത്തുവിട്ടത്.
ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ നിയോകോവ് കൊറോണ വൈറസിന് കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വുഹാന്‍ ഗവേഷകരുടെ ഒരു സംഘം ദക്ഷിണാഫ്രിക്കയിലെ വവ്വാലുകള്‍ക്കിടയില്‍ നിയോകോവ് എന്ന പുതിയ തരം കൊറോണ വൈറസ് കണ്ടെത്തി. ഈ വൈറസ് ഭാവിയില്‍ മനുഷ്യര്‍ക്ക് ഭീഷണിയായേക്കുമെന്ന് ഒരു പഠനത്തില്‍ ഗവേഷകര്‍ പറഞ്ഞു.
ജലദോഷം മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (SARS) വരെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ വൈറസുകള്‍. വികസനത്തെക്കുറിച്ച് ബോധവാന്മാരാണെന്നും എന്നാല്‍ വൈറസ് മനുഷ്യര്‍ക്ക് അപകടസാധ്യതയുണ്ടോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
പഠനത്തില്‍ കണ്ടെത്തിയ വൈറസ് മനുഷ്യര്‍ക്ക് അപകടസാധ്യത ഉണ്ടാക്കുമോ എന്നതിനെ കുറിച്ചറിയാന്‍ കൂടുതല്‍ പഠനം ആവശ്യമായി വരുമെന്നും ആരോഗ്യ സംഘടനയെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യരിലെ 75 ശതമാനം പകര്‍ച്ചവ്യാധികളുടെയും ഉറവിടം വന്യമൃഗങ്ങളാണെന്ന് ലോകാരോഗ് സംഘടന പറഞ്ഞു. തങ്ങളുടെ ഗവേഷണം പ്രീപ്രിന്റില്‍ പങ്കുവച്ചതിന് ചൈനീസ് ഗവേഷകര്‍ക്ക് ലോകാരോഗ്യ സംഘടന നന്ദി പറഞ്ഞു.
‘കൊവിഡ് 19 വൈറസിന് സമാനമായി മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ നിയോകോവിന് കഴിയും. മനുഷ്യര്‍ക്ക് അപകടകരമാകുന്നതില്‍ നിന്ന് നിയോകോവ് ഒരു മ്യൂട്ടേഷന്‍ മാത്രമേയുള്ളൂ…’- ബയോആര്‍ക്‌സിവ് (bioRxiv) എന്ന പ്രീപ്രിന്റ് ശേഖരണത്തില്‍ പോസ്റ്റ് ചെയ്ത പിയര്‍-റിവ്യൂഡ് പഠനത്തില്‍ ഗവേഷകര്‍ പറഞ്ഞു.
2012 ല്‍ സൗദി അറേബ്യയില്‍ ആദ്യമായി തിരിച്ചറിഞ്ഞ ഒരു വൈറല്‍ രോഗമായ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോമുമായി (MERS) ഈ വൈറസിന് അടുത്ത ബന്ധമുണ്ടെന്നും ഗവേഷകര്‍ പറയുന്നു.