മദ്യം കൊറോണയെ പ്രതിരോധിക്കുമോ? ലോകാരോഗ്യ സംഘടന പറയുന്നത് ഇങ്ങനെ
ജനീവ: കൊറോണ ഭീതിയില്‍ ലോകരാജ്യങ്ങള്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. വൈറസിന്റെ വ്യാപനം ശക്തമായതോടെ ഇതിനെ പ്രതിരോധിക്കാനുള്ള വഴികള്‍ തേടുകയാണ് വിവിധ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പുകളും ജനങ്ങളും. ആരോഗ്യപ്രവര്‍ത്തകരും സംഘടനകളും ഊര്‍ജിതമായി പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതോടൊപ്പം തന്നെ വ്യാജ പ്രചരണങ്ങളും ധാരാളം വ്യാപിക്കുന്നുണ്ട്.
മദ്യം കൊറോണ വൈറസിനെ പ്രതിരോധിക്കുമോ എന്നാണ് പലരും ഇപ്പോള്‍ അന്വേഷിക്കുന്നത്. മദ്യം കഴിക്കുന്നവര്‍ സുരക്ഷിതരാണെന്നും മദ്യം കൊറോണ വൈറസിനെ നശിപ്പിക്കുമെന്നും വ്യപക പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ ലോകാരോഗ്യസംഘടന തന്നെ ഇതിനു വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
മദ്യം വൈറസിനെ നശിപ്പിക്കുകയില്ല. മദ്യമോ, ക്ലോറിനോ ശരീരത്തിനുള്ളില്‍ പ്രവേശിച്ചിരിക്കുന്ന വൈറസിനെ നശിപ്പിക്കുകയില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. എന്നാല്‍ മദ്യവും ക്ലോറിനും ഉപരിതലങ്ങള്‍ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കാം. അതും ഉചിതമായ ശിപാര്‍ശകള്‍ പ്രകാരം വേണമെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ചൂട് വെള്ളത്തില്‍ കുളിക്കുന്നതും കൊറോണയെ പ്രതിരോധിക്കാന്‍ സഹായിക്കില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊറോണയെ പ്രതിരോധിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗം ഇടയ്ക്കിടെ കൈകള്‍ സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കഴുകുന്നതാണെന്നും ഡബ്ല്യുഎച്ച്ഒ കൂട്ടിച്ചേര്‍ത്തു.