മുംബൈ: ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് ഇരുട്ടടിയായി ജസ്പ്രീത് ബുമ്രയുടെ പരിക്ക്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുശേഷം നടുവേദന അനുഭവപ്പെട്ട ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. ബുമ്രക്ക് ഒരുമാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് പ്രാഥമിക സൂചന.
ജൂലൈയില്‍ ഇംഗ്ലണ്ടിനെിരായ പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ബുമ്ര ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെയാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഓസീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും ബുമ്ര കളിച്ചിരുന്നു. എന്നാല്‍ ഇഥിന് പിന്നാലെ തുടങ്ങിയ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് ബുമ്രക്ക് വീണ്ടും നടുവേദന അനുഭവപ്പെടുകയായിരുന്നു.
ബുമ്രയുടെ നടുവിനേറ്റ പരിക്ക് ഗുരുതരമാണെന്നും ലോകകപ്പില്‍ കളിക്കാന്‍ ഒരു സാധ്യതയുമില്ലെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി. ബുമ്രക്ക് മത്സര ക്രിക്കറ്റില്‍ ആറ് മാസത്തോളം വിട്ടു നില്‍ക്കേണ്ടിവന്നേക്കാമെന്നും ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യാ കപ്പിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പിന്നാല ജസ്പ്രീത് ബുമ്രയും പരിക്കേറ്റ് പിന്‍മാറുന്നത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്. ഡെത്ത് ബൗളിംഗില്‍ നിറം മങ്ങുന്ന ഇന്ത്യന്ർ പേസ് നിരക്ക് ബുമ്രയുടെ മടങ്ങിവരവ് ആശ്വാസകരമാകുമെന്ന് കരുതിയിരിക്കെയാണ് ബുമ്രക്ക് വീണ്ടും പരിക്കേല്‍ക്കുന്നത്.
ലോകകപ്പിനുള്ള 15 അംഗ ടീമിലെടുത്ത ബുമ്രയെ ലോകകപ്പിന് മുമ്പ് തിരിക്കിട്ട് ഓസീസിനെതിരായ പരമ്പരയില്‍ കളിപ്പിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഓസ്ട്രേലിയിയല്‍ ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയാവേണ്ട പേസറായിരുന്നു ബുമ്ര. നടുവിനേറ്റ പരിക്ക് പൂര്‍ണമായും മാറും മുമ്പ് തന്നെ ബുമ്രയെ ഓസീസിനെതിരായ രണ്ടാം ടി20യില്‍ കളിപ്പിക്കേണ്ടിയിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ സെലക്ടര്‍മാര്‍ക്കെതിരെ ഉയരുന്നത്.
എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ ഡെത്ത് ഓവറുകളില്‍ നിറം മങ്ങുകയും ഹര്‍ഷല്‍ പട്ടേല്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരിക്കുകയും ചെയ്തോടെയാണ് ബുമ്രയെ ഓസീസിനെതിരായ രണ്ടാം ടി20യില്‍ കളിപ്പിക്കാന്‍ ടീം മാനേജ്മെന്‍റ് നിര്‍ബന്ധിതരായത്.