ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; തിരുവനന്തപുരത്ത് പ്രതിശ്രുത വരനെതിരെ ബലാത്സംഗ കേസ് നല്‍കി യുവതി
തിരുവനന്തപുരം: നിരന്തരം ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് പ്രതിശ്രുത വരനെതിരെ യുവതി ബലാത്സംഗ കേസ് നല്‍കി. തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച അഭിഭാഷകനൊപ്പമെത്തിയാണ് 27കാരി പരാതി നല്‍കിയത്. ഡിസംബറില്‍ വിവാഹം കഴിക്കാനിരിക്കുകയായിരുന്നു ഇരുവരും. പരാതി ലഭിച്ച പോലീസ് പീഡനക്കുറ്റം ചുമത്തി 31കാരനെ അറസ്റ്റ് ചെയ്തു. എന്നാല്‍ രണ്ട് ദിവസം മുന്‍പ് രാത്രിയില്‍ യുവതിയ്‌ക്കൊപ്പമെടുത്ത സെല്‍ഫി കാണിച്ചതോടെയാണ് പോലീസിന് പരാതിയില്‍ സംശയം തോന്നിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൗന്ദര്യപ്പിണക്കത്തിന്റെ പേരിലാണ് പ്രതിശ്രുത വരനെതിരെ യുവതി ഇത്തരത്തിലൊരു പരാതി നല്‍കിയതെന്ന് മനസിലായി. ഇരുവരുടേയും വിവാഹനിശ്ചയം ഡിസംബറില്‍ കഴിഞ്ഞതാണെന്നും പിണങ്ങിയതിനെ തുടര്‍ന്ന് ഫോണ്‍ എടുക്കാത്തതിന്റെ ദേഷ്യത്തിലാണ് പരാതി നല്‍കിയതെന്നും കണ്ടെത്തി. പരാതി നല്‍കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസമാണ് ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നത്. തുടര്‍ന്ന് യുവതിയെ വിവാഹം കഴിക്കില്ലെന്ന് യുവാവ് പറഞ്ഞു.
അന്നു മുഴുവന്‍ യുവാവിനെ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. ഇതോടെയാണ് യുവതി പീഡന പരാതി നല്‍കിയത്. അപ്പോഴത്തെ ദേഷ്യത്തിനാണ് യുവതി പരാതി നല്‍കിയതെന്നും പിന്നീട് ഇതിന്റെ പേരില്‍ കുറ്റബോധമുണ്ടായെന്നും പൊലീസ് പറയുന്നു. അതേസമയം ഇരുവരും പിണങ്ങിയ കാര്യം രണ്ടു വീട്ടുകാരും അറിഞ്ഞിരുന്നില്ല. യുവാവിനെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം അറിഞ്ഞത്. ഇരുവരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണെന്ന് തമ്പാനൂര്‍ പോലീസ് പറയുന്നു.