നാട്ടുകാര്‍ ബസ് തടഞ്ഞു; റോഡില്‍ കിടന്ന് പ്രതിഷേധിച്ച് യാത്രക്കാരി

കോട്ടയം: സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് കൂടുതല്‍ യാത്രക്കരുമായി സര്‍വ്വീസ് നടത്തിയ ദീര്‍ഘദൂര ബസ് നാട്ടുകാര്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് ബസിലെ യാത്രക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമായി. അതിനിടെ ബസിലെ യാത്രക്കാരി ഇറങ്ങി റോഡില്‍ കിടന്നതോടെ സംഭവം ആകെ കലങ്ങി മറിഞ്ഞു. ഇന്നലെ വൈക്കം-എറണാകുളം റൂട്ടില്‍ പൂത്തോട്ടയ്ക്ക് സമീപമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

പോലീസ് എത്തിയാല്‍ മാത്രമേ ബസ് കടത്തി വിടൂ എന്ന് പറഞ്ഞാണ് നാട്ടുകാര്‍ ബസ് തടഞ്ഞത്. ഇതേ തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ പുറത്തിറങ്ങി മറ്റ് വാഹനങ്ങള്‍ തടഞ്ഞു. ഇതിനിടെയാണ് യാത്രക്കാരി റോഡില്‍ കിടന്നത്.

സംഭവം അറിഞ്ഞ് പോലീസ് എത്തി. ബസില്‍ ഇരുന്ന് പോകാന്‍ കഴിയുന്നത്ര ആളുകളെ മാത്രം ഉള്‍പ്പെടുത്തി യാത്ര തുടരാന്‍ അനുവദിച്ചതോടെ പ്രശ്നം അവസാനിച്ചു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കെതിരെ ഉദയംപേരൂര്‍ പൊലീസ് കേസെടുത്തു.