ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് സ്ത്രീ തെറിച്ചു വീണു; ജീവന്‍ തിരികെ കിട്ടിയത് തലനാരിഴയ്ക്ക്
വയനാട്: വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നു പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീക്ക് ഗുരുതര പരിക്ക്. തളിമല സ്വദേശിനി ശ്രീവള്ളിക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കല്‍പ്പറ്റയില്‍ നിന്നു വൈത്തിരിയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ നിന്നാണ് സ്ത്രീ പുറത്തേക്ക് വീണത്. വൈത്തിരി ടൗണില്‍ വച്ചാണ് സംഭവം. ഇറങ്ങാനുള്ള സ്റ്റോപ്പിലേക്ക് ബസ് അടുത്തതോടെ ഇവര്‍ ഇരിപ്പിടത്തില്‍ നിന്ന് മാറി വാതിലിന് സമീപത്തേക്ക് നിന്നു. ഇതിനിടെ ബസ് വളവ് തിരിഞ്ഞപ്പോള്‍ തുറന്നിരുന്ന വാതിലിലൂടെ സ്ത്രീ പുറത്തേക്ക് തെറിച്ചുവീഴുകയായിരിന്നു.
കെഎസ്ആര്‍ടിസിക്ക് തൊട്ടുപിന്നാലെ മറ്റൊരു ബസ് കൂടി വരുന്നുണ്ടായിരുന്നു. സ്ത്രീ വീഴുന്നത് കണ്ട് പിന്നാലെ വന്ന ബസിന്റെ ഡ്രൈവര്‍ പെട്ടന്ന് ബ്രേക്ക് ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് സ്ത്രീയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. തലയടിച്ച് വീണതിനാല്‍ സ്ത്രീക്ക് കാര്യമായ പരിക്കുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.